ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടതുണ്ടെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അശ്വിനി വൈഷ്ണവ്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി വിഷയം ഏറ്റെടുക്കണമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ രൂപീകരിക്കാന്‍ സമവായം വേണമെന്നും കേന്ദ്രമന്ത്രി ലോക്സഭയില്‍ പറഞ്ഞു.
നിയമ വിരുദ്ധമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള അശ്ലീലവും ലൈംഗിക ഉള്ളടക്കങ്ങളും സംപ്രേക്ഷണം ചെയ്യുന്നത് പരിശോധിക്കുന്നതിനുള്ള നിലവിലുള്ള സംവിധാനങ്ങളെ കുറിച്ചും നിലവിലുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നുമുള്ള ബിജെപി അംഗം അരുണ്‍ ഗോവിലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അശ്വിനി വൈഷ്ണവ്.
നേരത്തെ, ഉള്ളടക്കങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കാന്‍ എഡിറ്റോറിയല്‍ പരിശോധനകള്‍ ഉണ്ടായിരുന്നു. ആ പരിശോധനകള്‍ ഇപ്പോള്‍ അവസാനിച്ചു. ഇന്ന് മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തുന്ന വേദിയാണ് സോഷ്യല്‍ മീഡിയ.
എന്നാല്‍ അത് അനിയന്ത്രിതവും അസഭ്യ ഉള്ളടക്കമുള്ളതായും തീര്‍ന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കം തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകതയുണ്ട്' - അശ്വിനി വൈഷ്ണവ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കം തടയാന്‍ നിയമം കര്‍ക്കശമാക്കും-കേന്ദ്രമന്ത്രി