ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ വാഗ്വാദം; ഒറ്റപ്പെട്ട് പി.ടി ഉഷ

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ വാഗ്വാദം; ഒറ്റപ്പെട്ട് പി.ടി ഉഷ


ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ (ഐ.ഒ.എ) രൂക്ഷമായ തര്‍ക്കത്തിലും അഭിപ്രായ വ്യത്യാസത്തിലും ഒറ്റപ്പെട്ട് പ്രസിഡന്റ് പി.ടി. ഉഷ. കഴിഞ്ഞ ദിവസം നടന്ന നിര്‍വാഹക സമിതി യോഗത്തിലും ഉഷയും മറ്റ് അംഗങ്ങളും തമ്മില്‍ വാഗ്വാദമുണ്ടായി.

പാരിസ് ഒളിമ്പിക്‌സിനു ശേഷം ചേര്‍ന്ന ആദ്യ യോഗമായിരുന്നു ഇത്. വമ്പന്‍ ശമ്പളത്തിന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി രഘുറാം അയ്യരെ നിയമിച്ചതോടെയാണ് ഉഷയും സഹഭാരവാഹികളും നിര്‍വാഹക സമിതി അംഗങ്ങളും തമ്മിലെ ഭിന്നത മറനീക്കിയത്.

സി.ഇ.ഒ നിയമനത്തിന് പുറമെ ഒളിമ്പിക്‌സിന്റെ സ്‌പോണ്‍സര്‍ഷിപ് വിശദാംശങ്ങള്‍, ഉഷയുടെ മുറി മിനുക്കുന്നതിനായി പാരിസില്‍ നടത്തിയ അധിക ചെലവുകള്‍, വിവിധ ആളുകള്‍ക്ക് നല്‍കിയ അക്രഡിറ്റേഷന്‍ കാര്‍ഡുകളുടെ പട്ടിക തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രസിഡന്റ് അനുവദിച്ചില്ല.

സി.ഇ.ഒ നിയമനം കമ്മിറ്റി അംഗീകരിച്ചതാണെന്നും അത് റദ്ദാക്കി നിയമന നടപടികള്‍ വീണ്ടും തുടങ്ങുന്നത് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ബാധിക്കുമെന്നും ഉഷ പറഞ്ഞു.

അതേസമയം, ഭരണസമിതി അംഗീകാരമില്ലാതെ തൈക്വാന്‍ഡോ അസോസിയേഷന് അംഗീകാരം നല്‍കിയതിനെതിരെ ഉഷ ഐ.ഒ.എ ജോയന്റ് സെക്രട്ടറി കല്യാണ്‍ ചൗബെക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.