മുനമ്പത്തെ 610 കുടുംബങ്ങളുടെ ഭൂമിയിൽ വഖഫ് ബോർഡിന്റെ അവകാശവാദം; നീതി തേടി ഭൂവുടമകൾ

മുനമ്പത്തെ 610 കുടുംബങ്ങളുടെ ഭൂമിയിൽ വഖഫ് ബോർഡിന്റെ അവകാശവാദം; നീതി തേടി ഭൂവുടമകൾ


കൊച്ചി:  ചെറായി , മുനമ്പം തീരദേശത്തെ 610 കുടുംബങ്ങളുടെ ഭൂസ്വത്തുക്കളിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിനെതിരെ പള്ളിപ്പുറം പഞ്ചായത്ത് മേഖലയിൽ നടത്തിവന്നിരുന്ന സമരം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 27 ന് ഹൈക്കോടതി പരിസരത്തുള്ള വഞ്ചി സ്‌ക്വയറിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ചെറായി,പള്ളിപ്പുറം, മുനമ്പം ബീച്ചുകൾ കേന്ദ്രീകരിച്ച് വീടുകൾ, കടകൾ, സ്ഥാപനങ്ങൾ, പള്ളി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന 114 ഏക്കർ ഭൂമി 610 ഉടമകളുടെ കൈവശമാണ്. കേസിൽ ഉൾപ്പെടുന്ന വസ്തുവകകൾ വാങ്ങിയതാകട്ടെ അന്നത്തെ നിരക്കിലുള്ള വില നല്കി ആധാരം തീറെഴുതിയാണ്. ഈ വസ്തു വകകളിലാണ് വഖഫ് ബോർഡ് അവകാശം ഉന്നയിച്ചിരിക്കുന്നത്. 74 വർഷം മുൻപ് സിദ്ദിഖ് സേഠ് എന്നയാൾ കോഴിക്കോട് ഫറൂഖ് കോളേജിന് ദാനമായി നല്കിയതാണ് ഭൂമി. എന്നാൽ കോളേജ് അധികൃതർ ഈ ഭൂമി ഒന്നിനുവേണ്ടിയും ഉപയോഗിച്ചില്ല. തുടർന്ന് 1989 മുതൽ പല അവസരങ്ങളിലായി ഭൂമി പലർക്കായി കോളേജ് അധികൃതർ വില്പന നടത്തുകയായിരുന്നു. ഭൂമി വാങ്ങിയവരിൽ കുടികിടപ്പുകാരുമുണ്ട്. വസ്തുവകകൾ കേസിൽപ്പെട്ടതിനെ തുടർന്ന് ഉടമകൾക്ക് ഇവ ഈടുവച്ച് വായ്പ എടുക്കാനോ വില്ക്കാനോ കഴിയാത്ത അവസ്ഥയിലായി.വഖഫ് ബോർഡിന്റെ അവകാശവാദം.

സിദ്ദിഖ്‌സേഠ് ഭൂമി കോളേജിന് വസ്തു സൗജന്യമായി നല്കിയപ്പോൾ ആധാരത്തിൽ വഖാഫായി നല്കുന്നു എന്ന് എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഈ വസ്തുവകകൾ തങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്നാണ് വഖഫ് ബോർഡിന്റെ നിലപാട്.

ഇനിയെന്ത്?

സ്ഥലമുടകളുടെ മുന്നിലുള്ളത് രണ്ട് മാർഗങ്ങൾഒന്ന് നിയമപരമായി മുന്നോട്ട് പോകാം എന്നുള്ളത് പക്ഷെ നിയമനടപടികൾക്ക് കാലതാമസമുണ്ടാക്കും എതിർവശത്ത് വഖഫ് ബോർഡ് ആയതിനാൽ സുപ്രീം കോടതി വരെ കേസ് നീളും രണ്ടാം മാർഗം പ്രശ്‌നം പൊതുജനങ്ങളുടേയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടു വരിക എന്നത് കടപ്പുറം വേളാങ്കണ്ണിപള്ളി, വൈദിക മന്ദിരം, സെമിത്തേരി, കോൺവെന്റ് എന്നിവ ഈ വസ്തുക്കളിൽ ഉൾപ്പെടുന്നതിനാൽ പള്ളി വികാരിയും സമരത്തിന്റെ മുന്നിൽ മറ്റ് സമുദായക്കാരുടെ വീടുകളും വ്യാപാര കേന്ദ്രങ്ങളുമുള്ളതിനാൽ എസ്.എൻ.ഡി.പി യോഗം ശാഖയും ധീവരസഭയും സമരത്തിൽ സജീവംവിഷയം കോടതിയിൽ എത്തിയതോടെ 2022 വരെ കരമടച്ചിരുന്ന ഉടമകൾക്ക് പിന്നീട് കരമടക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു.

കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കാത്തലിക് ബിഷപ്പ് കൗൺസിലും സിറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷനും ലോക്‌സഭ സെക്രട്ടേറിയറ്റിന് മുന്നിൽ ഹർജി നൽകിയിട്ടുണ്ട്. വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള പാർലമെന്റിന്റെ സംയുക്ത സമിതിയോട് പ്രശ്‌നം പരിഹരിക്കുന്നതിനും ഇന്ത്യൻ പൗരന്മാരുടെ നിയമപരമായ ഉടമസ്ഥതയിലുള്ള സ്വത്തുക്കളിൽ ഇത്തരം അവകാശവാദങ്ങൾ ഭാവിയിൽ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും അടിയന്തിരവും നിർണായകവുമായ നടപടി സ്വീകരിക്കണമെന്ന് കെസിബിസിയും സിറോ-മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷനും ആവശ്യപ്പെട്ടു.