അര്‍ജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു; ആയിരങ്ങളുടെ അന്ത്യാഞ്ജലി

അര്‍ജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു; ആയിരങ്ങളുടെ അന്ത്യാഞ്ജലി


കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് അര്‍ജുന്റെ വീട്ടുപരിസരത്തും കണ്ണാടിക്കല്‍ ഗ്രാമത്തിലും തടിച്ചുകൂടിയത്. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷം ഉച്ചയോടെയാകും സംസ്‌കാരം. പ്രദേശത്ത് വാഹനങ്ങള്‍കക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ജുന്റെ വീട്ടുപരിസരത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല.രാവിലെ ആറര മണിയോടെയാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചത്. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

ലോറിയുടെ ക്യാബിനില്‍ കണ്ടെത്തിയ മകന്റെ കളിപ്പാട്ട ലോറി, അര്‍ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍, രേഖകള്‍, ബാഗ് തുടങ്ങിയ സാധനങ്ങള്‍ ഇന്നലെ വൈകിട്ട് തന്നെ ആംബുലന്‍സില്‍ കയറ്റിയിരുന്നു. രാത്രി ആയതിനാല്‍ വഴിയില്‍ അന്തിമോപചാര ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് കാര്‍വാര്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു. കാര്‍വാര്‍ ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലന്‍സിന്റെ എല്ലാ ചെലവും കേരള സര്‍ക്കാരാണ് വഹിക്കുന്നത്.അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നല്‍കും. ആ തുക അമ്മയെ ഏല്പിക്കാനാണ് സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എ എത്തുന്നത്. സംസ്‌കാര ചടങ്ങിന് ശേഷമേ അദ്ദേഹം മടങ്ങൂ എന്നാണ് വിവരം.