രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ 14 പിഴവുകള്‍; സുപ്രീംകോടതിയിലെ വാദം നീളും

രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ 14 പിഴവുകള്‍; സുപ്രീംകോടതിയിലെ വാദം നീളും


തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കില്ല; പിഴവുകള്‍ തിരുത്തി ബുധനാഴ്ച പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനവും ചോദ്യം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യാ സഖ്യത്തിലെ മറ്റ് പത്ത് നേതാക്കളും സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കില്ല. ഹര്‍ജിയില്‍ 14 പിഴവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കോടതി രജിസ്ട്രി തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ് കാരണം. പിഴവുകള്‍ പരിഹരിച്ചശേഷം ബുധനാഴ്ച ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകസംഘം ആവശ്യപ്പെട്ടു.

കോടതി ഫീസില്‍ 220 രൂപയുടെ കുറവ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ വ്യക്തതയില്ലാത്ത പകര്‍പ്പ്, ഒമ്പത് ഹര്‍ജിക്കാര്‍ അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതിനുള്ള വക്കാലത്തുകള്‍ സമര്‍പ്പിക്കാത്തത് എന്നിവയാണ് രജിസ്ട്രി ചൂണ്ടിക്കാട്ടിയ പ്രധാന പിഴവുകള്‍.

പ്രധാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്തെന്ന ആരോപണത്തില്‍ സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആര്‍.) നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍.ജെ.ഡി. നേതാവ് തേജസ്വി പ്രസാദ് യാദവ്, എന്‍.സി.പി. (ശരദ്ചന്ദ്ര പവാര്‍) എം.പി. സുപ്രിയ സുലെ, ശിവസേന (യു.ബി.ടി.) എം.പി. സഞ്ജയ് റാവത്ത്, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. സൗഗത റോയ് എന്നിവരുടേതുള്‍പ്പെടെ ഒമ്പത് വക്കാലത്തുകളാണ് സമര്‍പ്പിക്കാനുള്ളത്. പൊതുതാല്‍പര്യ ഹര്‍ജിയില്‍ സ്വകാര്യ കക്ഷികളെ എതിര്‍കക്ഷികളാക്കിയതിനെക്കുറിച്ചും രജിസ്ട്രി ചോദ്യം ഉന്നയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ടാണ് രാഹുല്‍ ഗാന്ധി ഖാര്‍ഗെയുടെയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും സാന്നിധ്യത്തില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു. വിഷയങ്ങള്‍ നിയമനടപടികളിലൂടെ ഉന്നയിക്കാമെന്നും ഹര്‍ജി നല്‍കിയാല്‍ വേഗത്തില്‍ പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

2025 ജൂണില്‍ എസ്.ഐ.ആര്‍. നടത്താനുള്ള തീരുമാനമുള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷനിലെ തീരുമാനങ്ങളില്‍ ഏകപക്ഷീയമായ ഇടപെടലുണ്ടായെന്ന ആരോപണമാണ് ഹര്‍ജിയുടെ കേന്ദ്രബിന്ദു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും പത്ത് മാസത്തിനിടെ 14 തവണ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ തീരുമാനങ്ങളോട് വിയോജിച്ചെന്ന റിപ്പോര്‍ട്ടും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

വിവാദ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍, യോഗങ്ങളുടെ അജണ്ടകള്‍, മിനിറ്റ്‌സ്, ആഭ്യന്തര കുറിപ്പുകള്‍, വിയോജിപ്പുകള്‍ എന്നിവ ഹാജരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങള്‍ ഭരണഘടനയും നിയമവും അനുശാസിക്കുന്ന രീതിയില്‍ കൂട്ടായി വിനിയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.