അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇലോണ്‍ മസ്‌കിന്റെ 276 ദശലക്ഷം ഡോളര്‍ സംഭാവന

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇലോണ്‍ മസ്‌കിന്റെ 276 ദശലക്ഷം ഡോളര്‍ സംഭാവന


ട്രംപിന്റെ പാര്‍ട്ടിക്ക് കോണ്‍ഗ്രസ് നിയന്ത്രണം നിലനിര്‍ത്താന്‍ സാമ്പത്തിക പിന്തുണ; 2026 തെരഞ്ഞെടുപ്പ് ചക്രത്തിലെ മസ്‌കിന്റെ രാഷ്ട്രീയ സംഭാവന 366 ദശലക്ഷം ഡോളര്‍

വാഷിങ്ടണ്‍: നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘടനകള്‍ക്ക് 276 ദശലക്ഷം ഡോളറിലധികം സംഭാവന നല്‍കി ശതകോടീശ്വരനും സംരംഭകനുമായ ഇലോണ്‍ മസ്‌ക്. ജൂലൈ മുതല്‍ മസ്‌ക് നല്‍കിയ സംഭാവനകളാണിത്. ഇതോടെ 2026ലെ തെരഞ്ഞെടുപ്പ് ചക്രത്തില്‍ അദ്ദേഹത്തിന്റെ ആകെ രാഷ്ട്രീയ സംഭാവന ഏകദേശം 366 ദശലക്ഷം ഡോളറായി ഉയര്‍ന്നു. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അറിയപ്പെടുന്ന സംഭാവനദാതാവാണ് മസ്‌ക്.

മസ്‌കിന്റെ അമേരിക്ക പി.എ.സി. വക്താവ് പുതിയ സംഭാവനകള്‍ സ്ഥിരീകരിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്ന സെനറ്റ് ലീഡര്‍ഷിപ്പ് ഫണ്ടിന് 158 ദശലക്ഷം ഡോളറും അമേരിക്ക പി.എ.സിക്ക് 76 ദശലക്ഷം ഡോളറും കോണ്‍ഗ്രസ് ലീഡര്‍ഷിപ്പ് ഫണ്ടിന് 20 ദശലക്ഷം ഡോളറുമാണ് പ്രധാന സംഭാവനകള്‍. ടെക്‌സസില്‍ കെന്‍ പാക്സ്റ്റണിന്റെ സെനറ്റ് പ്രചാരണത്തെ പിന്തുണയ്ക്കുന്ന ലോണ്‍ സ്റ്റാര്‍ ലിബര്‍ട്ടി പി.എ.സിക്ക് 10 ദശലക്ഷം ഡോളറും റിപ്പബ്ലിക്കന്‍ ഗവര്‍ണേഴ്‌സ് അസോസിയേഷന് 10 ദശലക്ഷം ഡോളറും നല്‍കി. റിപ്പബ്ലിക്കന്‍ അറ്റോര്‍ണി ജനറല്‍സ് അസോസിയേഷന് രണ്ട് ദശലക്ഷം ഡോളറും സംഭാവന ചെയ്തു.

രാഷ്ട്രീയ ചെലവുകള്‍ കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നതായി നേരത്തേ സൂചിപ്പിച്ചിരുന്ന മസ്‌കിന്റെ പുതിയ സംഭാവനകള്‍ ശ്രദ്ധേയമാണ്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കാന്‍ മസ്‌ക് ഏകദേശം 290 ദശലക്ഷം ഡോളര്‍ ചെലവഴിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ (DOGE) ചുമതലയും ഏറ്റെടുത്തു. ആഭ്യന്തര നയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പിന്നീട് ഭരണകൂടത്തില്‍നിന്ന് പിന്മാറി. എന്നാല്‍ ട്രംപുമായുള്ള ബന്ധം വീണ്ടും മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച ട്രംപ് മസ്‌കിന് ദേശീയ ശാസ്ത്ര മെഡല്‍ സമ്മാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസിലെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുമ്പോള്‍, ജനപ്രതിനിധിസഭയിലും സെനറ്റിലും നിയന്ത്രണം നേടുകയാണ് ഡെമോക്രാറ്റുകളുടെ ലക്ഷ്യം. ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകമായ മത്സരങ്ങള്‍ നടക്കുന്ന ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പാക്സ്റ്റണും ഡെമോക്രാറ്റിക് സംസ്ഥാന പ്രതിനിധി ജെയിംസ് തലാരിക്കോയും തമ്മിലുള്ള പോരാട്ടം ശ്രദ്ധേയമാണ്. ടെക്‌സസിലെ സെനറ്റ് മത്സരത്തിനായി സെനറ്റ് ലീഡര്‍ഷിപ്പ് ഫണ്ട് 100 ദശലക്ഷം ഡോളറിലധികം ചെലവിടാന്‍ നീക്കിവെച്ചിട്ടുണ്ടെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു.

ഏഴ് നിര്‍ണായക സംസ്ഥാനങ്ങളിലെയും ജനപ്രതിനിധിസഭയിലെ മുപ്പതിലേറെ മത്സരങ്ങളിലെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് മസ്‌കിന്റെ അമേരിക്ക പി.എ.സി. പിന്തുണ നല്‍കുന്നുണ്ട്. കോണ്‍ഗ്രസിന്റെ നിയന്ത്രണം നിര്‍ണയിക്കുന്നതില്‍ ഈ സാമ്പത്തിക പിന്തുണ നിര്‍ണായകമായേക്കുമെന്നാണ് വിലയിരുത്തല്‍.