ഇല്‍ഹാന്‍ ഒമറിന്റെ വീട്ടില്‍ ഇമിഗ്രേഷന്‍ ഏജന്റുമാരുടെ പരിശോധന; രാഷ്ട്രീയ വേട്ടയാടലെന്ന് ആരോപണം

ഇല്‍ഹാന്‍ ഒമറിന്റെ വീട്ടില്‍ ഇമിഗ്രേഷന്‍ ഏജന്റുമാരുടെ പരിശോധന; രാഷ്ട്രീയ വേട്ടയാടലെന്ന് ആരോപണം


ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായ പരിശോധനയെന്ന് നീതിന്യായ വകുപ്പ്; തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ നടപടി വിവാദത്തില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും ഡെമോക്രാറ്റിക് നേതാവുമായ ഇല്‍ഹാന്‍ ഒമറിന്റെ വാഷിങ്ടണ്‍ ഡി.സി. മേഖലയിലെ വീട്ടില്‍ ഇമിഗ്രേഷന്‍ അന്വേഷണ ഏജന്റുമാര്‍ പരിശോധന നടത്തി. ഫെഡറല്‍ ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് കോടതിയുടെ അനുമതിയോടെ പരിശോധന നടത്തിയതെന്ന് യു.എസ്. നീതിന്യായ വകുപ്പ് വക്താവ് അറിയിച്ചു. എന്നാല്‍ അന്വേഷണത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 നടപടി രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ളതാണ് നടപടിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകയായ ഇല്‍ഹാന്‍ ഒമര്‍ ആരോപിച്ചു. പത്തുവര്‍ഷമായി അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെയും അപകീര്‍ത്തി പ്രചാരണങ്ങളിലൂടെയും ട്രംപ് തന്നെ ലക്ഷ്യമിടുകയാണെന്നും രാഷ്ട്രീയ ഭീഷണിപ്പെടുത്തലിന് മുന്നില്‍ മൗനം പാലിക്കില്ലെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അന്വേഷണവുമായി തനിക്ക് ബന്ധമില്ലെന്ന് തിങ്കളാഴ്ച മാധ്യമങ്ങളോട് ട്രംപ് പ്രതികരിച്ചു. അതേസമയം, ഒമറിനെ വിമര്‍ശിച്ച അദ്ദേഹം, സോമാലിയയില്‍ ജനിച്ച കോണ്‍ഗ്രസ് അംഗത്തിനെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളും നടത്തി. ട്രംപ് ഭരണകൂടം അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് ഒമറിന്റെ വക്താവ് ജാക്ലിന്‍ റോജേഴ്‌സും ആരോപിച്ചു.

ഒമറിന്റെ പിതാവ് അവര്‍ കുട്ടിയായിരുന്നപ്പോള്‍ സമര്‍പ്പിച്ച കുടിയേറ്റ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് പരിശോധനയ്ക്ക് പിന്നിലെന്നാണ് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കുടിയേറ്റ രേഖകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഒമര്‍ നേരത്തേ നിഷേധിച്ചിരുന്നു.

നവംബര്‍ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് 22 ദിവസം മാത്രം ശേഷിക്കെയാണ് പരിശോധന നടന്നത്. കോണ്‍ഗ്രസിലെ അധികാര സന്തുലിതാവസ്ഥ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നടപടി രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കാവുന്ന നടപടികളില്‍ നീതിന്യായ വകുപ്പ് പാലിച്ചുവരുന്ന നയവും ഇതോടെ ചര്‍ച്ചയായി.

മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ്, സെനറ്റര്‍ ടീന സ്മിത്ത് തുടങ്ങിയ ഡെമോക്രാറ്റിക് നേതാക്കള്‍ പരിശോധനയെ വിമര്‍ശിച്ചു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാന്‍ ട്രംപ് അധികാരം ഉപയോഗിക്കുകയാണെന്ന് വാള്‍സ് ആരോപിച്ചു. അതേസമയം, നിയമത്തിന് മുന്നില്‍ ആരും അതീതരല്ലെന്ന് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ടോം എമ്മര്‍ പ്രതികരിച്ചു.

സോമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഒമര്‍ മിനിയാപൊളിസ് മേഖലയിലെ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. യു.എസ്. കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സോമാലിയന്‍ അമേരിക്കക്കാരിയാണ് അവര്‍. റാഷിദ ത്‌ലൈബിനൊപ്പം കോണ്‍ഗ്രസിലെത്തിയ ആദ്യ മുസ്ലിം വനിതകളില്‍ ഒരാളുമാണ് ഒമര്‍.