ചെന്നൈ: നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടനെ പ്രവേശിപ്പിച്ചത്. അതേസമയം, ഇതു സംബന്ധിച്ച് ആശുപത്രിയുടെയോ ഭാഗത്തു നിന്നോ രജനീകാന്തിന്റെ ഭാഗത്തുനിന്നോ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ചൊവ്വാഴ്ച രജനീകാന്തിന് പരിശോധന ഉണ്ടെന്നാണ് വിവരം. വയറുവേദനയുമായി എത്തിയ 73 കാരനായ സൂപ്പർതാരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.
രജനീകാന്തിന്റെ ആരോഗ്യനില സംബന്ധിച്ച ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രസ്താവനയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. 2020 ലും രജനീകാന്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകൾ ഉയർന്നിരുന്നു. ഇതോടെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള നീക്കം താരം ഉപേക്ഷിച്ചത്.
ലോകേഷ് കനകരാജിന്റെ 'കൂലി'യിലാണ് രജനീകാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. തമിഴിലെ ഹിറ്റ് ചിത്രം 'ജയ് ഭീമി'ന്റെ സംവിധായകൻ ടി.ജെ.ജ്ഞാനവേലിന്റെ 'വേട്ടയ്യൻ' ആണ് രജനീകാന്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഒക്ടോബർ 10 ന് ചിത്രം റിലീസ് ചെയ്യും. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാര്യർ, റിതിക സിങ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു