ആര്‍സിബി വിജയാഘോഷ ദുരന്തം; കര്‍ണാടക സര്‍ക്കാര്‍ മജിസ്‌ട്രേട്ട്തല അന്വേഷണം പ്രഖ്യാപിച്ചു

ആര്‍സിബി വിജയാഘോഷ ദുരന്തം; കര്‍ണാടക സര്‍ക്കാര്‍ മജിസ്‌ട്രേട്ട്തല അന്വേഷണം പ്രഖ്യാപിച്ചു


ബംഗളൂരു: ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ 11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദുരന്തത്തിനിടയിലും ആഘോഷം തുടരുകയാണെന്ന വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചിന്നസ്വാമി സ്റ്റേഡിയത്തിന് ചെറിയ ഗേറ്റുകളാണെന്നും ഇതിലൂടെ ജനം ഇടിച്ചു കയറിയതാണ് ദുരന്തത്തിനു കാരണമെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. സംഭവത്തില്‍ രാഷ്ട്രീയം കളിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍സിബി വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. കര്‍ണാടക  ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച അദ്ദേഹം ഇത്തരം ദുരന്തങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നും പറഞ്ഞു.