മണിക്കൂറുകൾ ലാഭം; ഇന്ത്യ- ന്യൂയോർക്ക് നോൺ സറ്റോപ്പ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ

മണിക്കൂറുകൾ ലാഭം; ഇന്ത്യ- ന്യൂയോർക്ക് നോൺ സറ്റോപ്പ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ


ന്യൂഡൽഹി: ഇന്ത്യ-ന്യൂയോർക്ക് നോൺ സറ്റോപ്പ് വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ. ഡൽഹി, മുംബൈ നഗരങ്ങളിൽ നിന്ന് ന്യൂയോർക്കിലേക്കും നെവാർക്കിലേക്കും സർവീസ് നടത്തുന്ന നോൺ സ്‌റ്റോപ്പ് എയർ ഇന്ത്യ വിമാനങ്ങളുടെ യാത്രയാണ് പുനരാരംഭിച്ചത്. ഇറാഖ് വ്യോമപാത വീണ്ടും വാണിജ്യ വിമാനങ്ങൾക്കായി തുറന്നുകൊടുത്തതോടെയാണ് പുതിയ മാറ്റം. യാത്രയിൽ പുതിയ മാറ്റം വന്നതോടെ വിമാനങ്ങൾക്ക് റോമിലെ സാങ്കേതിക സ്‌റ്റോപ്പ് ഒഴിവാക്കാൻ സാധിക്കും. ഇതിലൂടെ യാത്ര സമയത്തിൽ വൻ കുറവുണ്ടാകും. നേരത്തെ 22 മണിക്കൂർ വരെ എടുത്തായിരുന്നു ന്യൂയോർക്കിൽ എത്തിയത്. എന്നാൽ മാറ്റം സംഭവിച്ചതോടെ 17 മണിക്കൂറായി കുറയും.

വിമാനം പുറപ്പെടുന്ന നഗരം, കാലാവസ്ഥ, പ്രവർത്തന സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ച് സമയക്രമത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. എങ്കിലും ഇടയ്‌ക്കൊരു എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്നതും മണിക്കൂറുകളോളം കാത്തു നിൽക്കുന്നതും ഒഴിവാക്കാൻ സാധിക്കും. ഡൽഹി, മുംബൈ എന്നീ രണ്ട് പ്രധാന ഇന്ത്യൻ നഗരങ്ങളെ ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളവുമായും നെവാർക്ക് ലിബർട്ടി രാജ്യാന്തര വിമാനത്താവളവുമായും ബന്ധിപ്പിക്കുന്ന നാല് പ്രധാന റൂട്ടുകളിലാണ് ഈ നോൺസ്‌റ്റോപ്പ് സേവനം പുനരാരംഭിച്ചിരിക്കുന്നത്.

ഈ യാത്രകൾക്ക് എയർ ഇന്ത്യ പ്രധാനമായും ബോയിങ് 777 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. അതേസമയം ചില ന്യൂയോർക്ക് സർവീസുകൾക്കായി എയർ ഇന്ത്യയുടെ ഏറ്റവും പുതിയ അത്യാധുനിക എയർബസ് എ350 വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്. ഇറാഖ് വഴിയുള്ള യാത്രയിൽ വിമാനങ്ങളുടെ ഇന്ധന ഉപയോത്തിൽ ഏകദേശം 10 ശതമാനത്തോളം കുറവ് വരുത്താൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ യാത്രസമയം കുറയുന്നത് ജീവനക്കാരുടെ ഡ്യൂട്ടി ടൈം ലിമിറ്റേഷൻ ചട്ടങ്ങൾ പാലിക്കുന്നത് എളുപ്പമാക്കും.

പശ്ചിമേഷ്യയിലെ സംഘർവും രാഷട്രീയ പ്രതിസന്ധികളുമാണ് വ്യോമപാതകളെ ബാധിച്ചത്. സുരക്ഷാ പ്രശ്‌നങ്ങളാൽ ഇറാൻ വ്യോമപാത ഉപയോഗിക്കാൻ കഴിയാതെ വന്നതും ഇന്ത്യൻ വിമാന കമ്പനികൾക്ക് പാകിസ്ഥാൻ വ്യോമപാതയിലുണ്ടായിരുന്ന വിലക്കുമാണ് എയർ ഇന്ത്യയെ നേരത്തെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ കൂടുതൽ ദൈർഘ്യമേറിയ പാത തിരഞ്ഞെടുക്കാൻ എയർ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇതോടെ യാത്രയ്ക്കായി കൂടുതൽ ഇന്ധനം ആവശ്യമായി വന്നു. അങ്ങനെയാണ് ഇന്ധനം നിറയ്ക്കാൻ വേണ്ടി റോമിൽ നിർത്തേണ്ടി വന്നത്. മാസങ്ങളായി യാത്രക്കാർ നേരിടുന്ന തടസങ്ങൾക്ക് പരിഹാരമായതോടെ ഇന്ത്യയേക്കും യുസിനും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് ഇനി കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിക്കുമെന്നത് വളരെ ആശ്വാസം നിറഞ്ഞ കാര്യമാണ്.