പ്രകോപനമുണ്ടായില്ലെങ്കില്‍ ഇറാനെതിരായ ആക്രമണം തത്ക്കാലം ഒഴിവാക്കിയേക്കുമെന്ന് ട്രംപ്

പ്രകോപനമുണ്ടായില്ലെങ്കില്‍ ഇറാനെതിരായ ആക്രമണം തത്ക്കാലം ഒഴിവാക്കിയേക്കുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍/ റിയാദ്: ഇറാന്റെ ഭാഗത്തുനിന്നോ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ ഭാഗത്തുനിന്നോ പുതിയ പ്രകോപനങ്ങളുണ്ടായില്ലെങ്കില്‍ ഇറാനെതിരായ സൈനികാക്രമണം തത്ക്കാലം ഒഴിവാക്കിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുതിര്‍ന്ന ഉപദേശകരെ അറിയിച്ചതായി റിപ്പോര്‍ട്ട്. വിഷയവുമായി ബന്ധപ്പെട്ട മൂന്ന് പേരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

യുദ്ധം കൂടുതല്‍ ശക്തമാക്കുമെന്നും പുതിയ ആക്രമണങ്ങള്‍ നടത്തുമെന്നും ഭീഷണിപ്പെടുത്തുന്നതിനൊപ്പം സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സൂചനകളും ട്രംപ് നല്‍കുന്നുണ്ട്. ഇസ്രയേലിനൊപ്പം ഫെബ്രുവരിയില്‍ ആരംഭിച്ച ഇറാന്‍ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ അദ്ദേഹം അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് നിലവിലെയും മുന്‍കാലത്തെയും അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

ദേശീയ സുരക്ഷാ ഉപദേശകരുമായുള്ള യോഗങ്ങളിലും തുടര്‍ച്ചയായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അവലോകനത്തിനിടയിലും ആക്രമണങ്ങള്‍ തത്ക്കാലം മാറ്റിവെക്കുന്നതിനെക്കുറിച്ച് ട്രംപ് ആലോചിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. മേഖലയിലെ സഖ്യരാജ്യങ്ങള്‍ വീണ്ടും സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങരുതെന്ന് ആവശ്യപ്പെട്ടതും അദ്ദേഹം പരിഗണിക്കുന്നുണ്ട്.

തനിക്ക് യുദ്ധം ഉടന്‍ അവസാനിപ്പിക്കാനാകുമെന്നും എന്നാല്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ച് കുറച്ചുകൂടി ദീര്‍ഘമായതും കൂടുതല്‍ സമാധാനപരവുമായ മാര്‍ഗമാണ് സ്വീകരിക്കുന്നതെന്നും സ്‌പോര്‍ട്‌സ് അവതാരകന്‍ സ്റ്റീഫന്‍ എ സ്മിത്തിനോട് ട്രംപ് പറഞ്ഞു.

യുദ്ധത്തെത്തുടര്‍ന്ന് ആഗോള ഇന്ധനവില ഉയര്‍ന്നതും അമേരിക്കന്‍ ജനതയ്ക്കിടയില്‍ സംഘര്‍ഷത്തിനെതിരായ വികാരം ശക്തമായതും ട്രംപ് ഭരണകൂടത്തിന് സമ്മര്‍ദമാകുന്നുണ്ട്. കഴിഞ്ഞയാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ തിരിച്ചുപിടിച്ചിരുന്നു. നവംബര്‍ മൂന്നിലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റോയിട്ടേഴ്‌സും ഇപ്‌സോസും നടത്തിയ അഭിപ്രായ സര്‍വേയില്‍ 55 ശതമാനം അമേരിക്കക്കാരും യുദ്ധത്തിന് നല്‍കുന്ന വില ന്യായീകരിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കോണ്‍ഗ്രസിന്റെ നിയന്ത്രണം നഷ്ടമായതിന് യുദ്ധവും കാരണമായെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു.

യുദ്ധം വീണ്ടും വലിയ തോതില്‍ പുന:രാരംഭിക്കാനുള്ള സാധ്യത കുറവാണെന്ന സൂചനകള്‍ ട്രംപ് പരസ്യമായും നല്‍കിയിട്ടുണ്ട്.

അമേരിക്കയുടെ താldപര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് സായുധസേനയുടെ പരമാധികാര കമാന്‍ഡര്‍ എന്ന നിലയില്‍ ട്രംപ് മാത്രമാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയുടെ കൈവശമാണെന്നും ഇറാന്റെ സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്ത് ചെയ്യണമെന്നും എപ്പോള്‍ ചെയ്യണമെന്നും തീരുമാനിക്കാന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും വ്യക്തമാക്കി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെയും അഭിപ്രായം ട്രംപ് തേടിയിരുന്നു. ഇറാനെതിരായ ആക്രമണം പുന:രാരംഭിക്കരുതെന്ന് ഇരുവരും ആവശ്യപ്പെട്ടതായി മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനെയും വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു വ്യക്തിയെയും ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ആക്രമണം നടത്തില്ലെന്നോ നടത്തുമെന്നോ ട്രംപ് ഉറപ്പുനല്‍കിയിട്ടില്ല.

ഒക്ടോബര്‍ 31ന് മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ സംഭാഷണത്തില്‍ തെരഞ്ഞെടുപ്പിനുശേഷം ഇറാനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഇറാനെതിരെ ഫലപ്രദമാകുന്നുണ്ടെന്നും ആക്രമണം ഒഴിവാക്കണമെന്നും സൗദി കിരീടാവകാശി അഭ്യര്‍ഥിച്ചതായി ബന്ധപ്പെട്ട രണ്ട് പേര്‍ വെളിപ്പെടുത്തി.

സൗദി വിദേശകാര്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചിട്ടില്ല. ഒക്ടോബര്‍ 28നുശേഷം ട്രംപ് എര്‍ദോഗനുമായി മൂന്ന് തവണ സംസാരിച്ചതായി തുര്‍ക്കി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. നവംബര്‍ ഏഴിലെ ഫോണ്‍ സംഭാഷണത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു.

അമേരിക്കന്‍ നാവിക ഉപരോധവും സാമ്പത്തിക ഉപരോധങ്ങളും ഇറാന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സമ്മര്‍ദം തുടരുമെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തിയിട്ടുണ്ട്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെക്കുറിച്ച് വിശദീകരണം ലഭിച്ച രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.

ഇറാന്റെ കടല്‍മാര്‍ഗമുള്ള ചരക്കുനീക്കത്തിന് മാസങ്ങളായി ഏര്‍പ്പെടുത്തിയ ഉപരോധം കൂടുതല്‍ വ്യാപിപ്പിക്കാനും അമേരിക്ക ശ്രമിക്കുന്നുണ്ട്. കരമാര്‍ഗമോ കാസ്പിയന്‍ കടല്‍ വഴിയോ ആയുധങ്ങളും ഉപരോധം ബാധകമായ മറ്റ് വസ്തുക്കളും ഇറാനിലെത്തുന്നത് തടയാനുള്ള നീക്കവും സൈന്യം ആരംഭിച്ചതായി റോയിട്ടേഴ്‌സ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആക്രമണം പുന:രാരംഭിക്കേണ്ട സാഹചര്യമുണ്ടായാല്‍ സൈനികമായി തിരിച്ചടിക്കാന്‍ അമേരിക്ക തയ്യാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ മധ്യപൂര്‍വേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വിമാനവാഹിനിക്കപ്പലുകളില്‍ ഒന്നിന് പകരമായി മൂന്നാമതൊരു വിമാനവാഹിനിക്കപ്പല്‍ അടുത്ത ദിവസങ്ങളില്‍ മേഖലയിലെത്തും. ആവശ്യമെങ്കില്‍ മൂന്ന് കപ്പലുകളും ഒരേസമയം മേഖലയില്‍ നിലനിര്‍ത്താനും പദ്ധതിയുണ്ടെന്ന് സൈനിക ആസൂത്രണവുമായി ബന്ധപ്പെട്ട മൂന്ന് പേര്‍ അറിയിച്ചു.

ഇറാന്റെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ വീണ്ടും ആക്രമിക്കുന്നതും ട്രംപിന്റെ പരിഗണനയിലുണ്ടാകാമെന്ന് സൗദി, തുര്‍ക്കി നേതാക്കളുമായുള്ള സംഭാഷണങ്ങളെക്കുറിച്ച് അറിവുള്ള ഒരാള്‍ പറഞ്ഞു. എന്നാല്‍ ഈ കേന്ദ്രങ്ങളില്‍ അമേരിക്ക നേരത്തേ ആക്രമണം നടത്തിയിട്ടുണ്ട്. വീണ്ടും ആക്രമിച്ചാല്‍ ലക്ഷ്യം കൈവരിക്കാനാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പുതിയ ആക്രമണങ്ങള്‍ നടത്തിയാലും ചര്‍ച്ചകളില്‍ ഇറാന്റെ നിലപാടുകളില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. അമേരിക്കന്‍ ആയുധശേഖരത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും ട്രംപിന് വിശദീകരണം നല്‍കിയിട്ടുണ്ട്. ദീര്‍ഘദൂര കൃത്യതയേറിയ ആക്രമണായുധങ്ങളില്‍ ചിലതിന്റെ ശേഖരം ആശങ്കാജനകമായ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

ദീര്‍ഘദൂര കൃത്യതയേറിയ ആക്രമണായുധങ്ങളില്‍ ഏതാണ്ട് മുഴുവന്‍ ശേഖരവും അമേരിക്ക ഉപയോഗിച്ചുതീര്‍ത്തതായി ഓഗസ്റ്റില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവയില്‍ പലതും ഇതുവരെ പുനഃശേഖരിച്ചിട്ടില്ലെന്നും വിഷയത്തെക്കുറിച്ച് അറിവുള്ള മറ്റൊരാള്‍ വ്യക്തമാക്കി.

എന്നാല്‍ അമേരിക്കന്‍ സൈന്യത്തിന് കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ എല്ലാ തന്ത്രപരമായ ലക്ഷ്യങ്ങളും കൈവരിക്കാന്‍ ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും ആവശ്യത്തിലധികമുണ്ടെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.

ഇറാനെതിരെ മറ്റൊരു സൈനിക നീക്കം കൂടി നടത്തണമെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ ഭരണകൂടത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

ഇറാനുമായുള്ള ചര്‍ച്ചകളിലൂടെ അമേരിക്കയ്ക്ക് നേടാനാകുന്നതെല്ലാം ഇതിനകം നേടിയെന്നാണ് ട്രംപ് ഈയാഴ്ച സൂചിപ്പിച്ചത്. എന്നാല്‍ ആക്രമണം പുന:രാരംഭിക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല.