കൊച്ചി: ക്ഷേത്രങ്ങളിലെ പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രിയ്ക്ക് അവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതി. ക്ഷേത്രങ്ങളിലെ ദേവസ്വം സ്വത്തുക്കൾ പൂർണ്ണമായും അവിടുത്തെ പ്രതിഷ്ഠയായ ദേവന്/ദേവിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും, ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായ പഴയ കൊടിമരത്തിലെ വാജിവാഹനം (കുതിരയുടെ രൂപം) തന്ത്രിക്ക് സ്വന്തമാക്കാൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ല. തന്ത്രി കേവലം ഒരു ആചാര്യൻ മാത്രമാണെന്നും കോടതി വ്യക്തമാക്കി. അഖില തന്ത്രി പ്രചാരക സഭയുടെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസുമാരായ രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെതാണ് വിധി.
തന്ത്രി ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങളുടെ പരമാധികാരിയാണെങ്കിലും, ക്ഷേത്ര സ്വത്തുക്കളുടെയോ ആഭരണങ്ങളുടെയോ ഉടമയോ കാവൽക്കാരനോ അല്ല. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ സമയത്ത് മാറ്റുന്ന പഴയ കൊടിമരം, വിഗ്രഹങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ദേവസ്വം ബോർഡിന്റെ ഭദ്രമായ മേൽനോട്ടത്തിൽ സൂക്ഷിക്കേണ്ടതാണ്. ഇവ ആർക്കും വ്യക്തിപരമായി കൈമാറാൻ പാടുള്ളതല്ല.
നിയമപരമായും ആചാരപരമായും ദേവസ്വം സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ഒന്നാണെന്നും കോടതി വ്യക്തമാക്കുന്നു.
2012 ലെ ദേവസ്വം സർക്കുലർ പ്രകാരം തന്ത്രിയ്ക്ക് ശമ്പളവും ദക്ഷിണയും മാത്രമാണ് അവകാശപ്പെട്ടത്. അല്ലാതെ ക്ഷേത്രത്തിന്റേതായ വസ്തുക്കളിലോ ഒന്നും തന്നെ അവകാശമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് അഖില തന്ത്രി പ്രചാരക സഭ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ദേവസ്വം സ്വത്തുക്കൾ ദേവന് സ്വന്തം; പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രിയ്ക്ക് അവകാശപ്പെട്ടതല്ല, ഹൈക്കോടതി
