കൊച്ചി : കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ ജുവനൈൽ കേസുകളിലെ പ്രായപരിധി 18 വയസ്സിൽ നിന്നും 16 വയസാക്കുന്നത് പരിഗണിക്കണമെന്ന് കേരളാ ഹൈക്കോടതി. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ 16 വയസിൽ കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും വരുന്നുവെന്നാണ് വ്യക്തമാകുന്നതെന്നും കാലാനുസിതമായി ഉചിതമായ തീരുമാനമെടുക്കുന്നത് നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
16 വയസാകുമ്പോഴേക്കും കുട്ടികൾക്ക് മതിയായ പക്വത കൈവരുന്നുണ്ടെന്ന ഇപ്പോഴത്തെ പ്രവണതയും, അവർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവവും കണക്കിലെടുത്ത് ബന്ധപ്പെട്ട നിയമങ്ങളിൽ ഉചിതമായ ഭേദഗതികൾ വരുത്തുന്നതിനെക്കുറിച്ച് നിയമനിർമ്മാണസഭകൾ ആലോചിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. 16 വയസെന്നത് കേസിൽ നിന്നും രക്ഷപ്പെടാനുള്ള പഴുതായി മാറുന്നു. പല കേസുകളിലും കോടതിക്ക് നടപടിയെടുക്കാൻ കഴിയാതെ പോകുകയാണെന്നും, വൈകാരികമായി നടപടികളെടുക്കാൻ കോടതിക്ക് കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. 23 ന് താഴെ ഉള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിർദ്ദശം.
കേരള അബ്കാരി നിയമത്തിലെ 15A, 15B വകുപ്പുകൾ പ്രകാരം 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിളമ്പുന്നില്ലെന്ന് ഉറപ്പാക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്കും ലൈസൻസുള്ള ബാറുകൾക്കും ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നെടുമ്പാശേരിയിൽ 19-കാരൻ മദ്യലഹരിയിൽ മിനി കൂപ്പർ കാറോടിച്ചുണ്ടാക്കിയ ദാരുണമായ വാഹനാപകടം ഹർജിയിൽ എടുത്തുപറഞ്ഞിരുന്നു.
18 വയസിന് താഴെയുള്ളവർ പോലും നിയമപരമായ നിയന്ത്രണങ്ങൾ അവഗണിച്ച് സുലഭമായി ലഭിക്കുന്ന മദ്യം കഴിച്ച് മാരകമായ വാഹനാപകടങ്ങൾ ഉണ്ടാക്കുന്ന സമീപകാല സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകരുതെന്ന അബ്കാരി നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ എക്സൈസ് കമ്മീഷണറോട് കോടതി നിർദ്ദേശിച്ചു. കേസ് തുടർപരിഗണനയ്ക്കായി നവംബർ 24-ലേക്ക് മാറ്റിയിട്ടുണ്ട്.
ഓൺലൈൻ മാധ്യമപ്രവർത്തകന് നല്കിയ ഹര്ജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. നിയമപരമായ നിരോധനം നിലനിൽക്കെത്തന്നെ, പ്രായം പരിശോധിക്കാതെ 23 വയസിന് താഴെയുള്ളവർക്ക് കേരളത്തിലെ ബാറുകളിൽ മദ്യം വിളമ്പുന്നുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. നെടുമ്പാശ്ശേരി അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ, അപകടത്തിന് മുമ്പ് 19 വയസ്സുള്ള പ്രതികൾക്ക് എറണാകുളത്തെ വിവിധ ബാറുകളിൽ നിന്ന് മദ്യം ലഭിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അബ്കാരി നിയമപ്രകാരം എക്സൈസ് വകുപ്പ് മൂന്ന് ബാറുകൾക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിളമ്പുന്നതും വിൽക്കുന്നതും കർശനമായി തടയണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിർദ്ദേശം. കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 15A, 15B എന്നിവ പ്രകാരം 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബാറുകളിലും മറ്റും ഇത് ലംഘിക്കപ്പെടുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 18 വയസ്സിന് താഴെയുള്ളവർ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ മാരകമായ അപകടങ്ങൾ കോടതി പരാമർശിച്ചു. നെടുമ്പാശ്ശേരിയിൽ 19-കാരൻ മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവവും ഹർജിയിൽ ഉന്നയിച്ചിരുന്നു. തിരുവനന്തപുരം പാങ്ങപ്പാറയിൽ 17 വയസുകാരനെ മറ്റൊരു 17 കാരൻ കൊലപ്പെടുത്തിയ കേസടക്കം വന്ന വേളയിൽ ഇത് ചർച്ചയായിരുന്നു.
എറണാകുളം ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ ചില ബാറുടമകളുമായി അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും, അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവർക്ക് ബാറുകളിൽ നിന്ന് ഇത്തരത്തിൽ മദ്യം ലഭിക്കില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. എക്സൈസ് വകുപ്പിന്റെ പ്രതിരോധ നടപടികളുടെ സമ്പൂർണ്ണ പരാജയം ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന പൊതുജനങ്ങളുടെ ജീവനും വ്യക്തിസുരക്ഷയ്ക്കുമുള്ള മൗലികാവകാശത്തിന് നേരിട്ടുള്ള ഭീഷണിയാണെന്നും ഹർജിയിൽ പറയുന്നു.
ഉദ്യോഗസ്ഥർക്കെതിരെ സ്വതന്ത്ര വിജിലൻസ് അന്വേഷണം നടത്തുക, മദ്യം വിളമ്പുന്നതിന് മുമ്പ് പ്രായം പരിശോധിക്കാൻ ബാറുകളിൽ ഇലക്ട്രോണിക് ഐഡി പരിശോധനാ സംവിധാനം നിർബന്ധമാക്കുക, 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്ന ബാറുകളുടെ ലൈസൻസ് ഉടൻ റദ്ദാക്കുകയും ക്രിമിനൽ നടപടി സ്വീകരിക്കുകയും ചെയ്യുക, എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊതുജന പരാതി പരിഹാര ഹോട്ട്ലൈൻ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണർ, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി നിർദേശം ഗൗരവമുള്ളത്, മന്ത്രി ബിന്ദു കൃഷ്ണ
ജുവനൈൽ കേസുകളിലെ പ്രായപരിധി 16 വയസ്സാകുന്നത് പരിഗണിക്കണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൗമാരക്കാരിൽ വർധിച്ചുവരുന്ന അക്രമവാസന കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്യുവാനുള്ള രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെടുമ്പോൾ ശക്തമായ നിയമത്തിലൂടെ ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ ആവശ്യമായ നടപടികൾ എടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി പ്രതികരിച്ചു. ഏത് നിയമവും ഭേദഗതി ചെയ്യപ്പെടുന്നതും പുതിയ നിയമങ്ങൾ നിർമിക്കപ്പെടുന്നതുമെല്ലാം സാമൂഹ്യ ആവശ്യങ്ങളെ മുൻനിർത്തിയാണ്. അത്തരം ഒരു സാഹചര്യം തന്നെയാണ് ഇന്ന് കേരളത്തിൽ ഉള്ളത് മന്ത്രി പറഞ്ഞു.
'ജുവനൈൽ കേസുകളിലെ പ്രായപരിധി 18 ൽ നിന്നും 16 ആക്കി മാറ്റുന്നത് പരിഗണിക്കണം'; നിർണായക നിർദ്ദേശവുമായി കേരളാ ഹൈക്കോടതി
