ന്യൂഡല്‍ഹി: വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രാവിമാനങ്ങള്‍ ചരക്കുഗതാഗതത്തിനായി മാത്രമുള്ള വിമാനങ്ങളാക്കി മാറ്റാന്‍ എയര്‍ ഇന്ത്യ പദ്ധതിയിടുന്നു. പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടെവോള്‍ഡെ ഗെബ്രെമറിയം മുന്നോട്ടുവെച്ച വരുമാനവര്ധനാ തന്ത്രങ്ങളിലൊന്നാണിതെന്ന് എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഓഹരിപങ്കാളിത്തമുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പുറത്തുവിട്ട നിക്ഷേപക അവതരണത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ശേഷി കൂടുതല്‍ ഫലപ്രദമായി വിനിയോഗിച്ചതും ചരക്കുനീക്കത്തിലൂടെ ലഭിക്കുന്ന വരുമാനം വര്‍ധിച്ചതും എയര്‍ ഇന്ത്യയുടെ കാര്‍ഗോ ബിസിനസിന് നേട്ടമായിട്ടുണ്ട്. വ്യോമപാതകള്‍ അടച്ചതിനെത്തുടര്‍ന്ന് ഒരിടത്ത് നിര്‍ത്തി യാത്ര തുടരുന്ന രീതിയിലുള്ള സര്‍വീസുകള്‍ നടത്തേണ്ടിവന്നെങ്കിലും അമേരിക്കയിലേക്കും കാനഡയിലേക്കുമുള്ള ചരക്കുനീക്കം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ വിമാനക്കമ്പനിക്ക് കഴിഞ്ഞു.
ചരക്കുഗതാഗത വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആഘാതം കുറയ്ക്കാന്‍ വിദേശ വിപണികളിലെ ടിക്കറ്റ് വില്‍പ്പനയും വര്‍ധിപ്പിക്കാനാണ് എയര്‍ ഇന്ത്യയുടെ ലക്ഷ്യം. മുംബൈ- ഡല്‍ഹി സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയും പാകിസ്താന് വ്യോമപാത അടച്ചതുമൂലമുള്ള പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനായി ബെംഗളൂരുവില്‍ മൂന്നാമത്തെ ഹബ് സ്ഥാപിക്കുകയും ചെയ്യും. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നിക്ഷേപക അവതരണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളുമായുള്ള വാണിജ്യ പങ്കാളിത്തവും എയര്‍ ഇന്ത്യ വിപുലീകരിക്കുന്നുണ്ട്. ഒക്ടോബറില്‍ ഇരു കമ്പനികളും വിവിധ റൂട്ടുകളില്‍ സംയുക്ത നിരക്കുകള്‍ അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ രണ്ട് വിമാനക്കമ്പനികളും സര്‍വീസ് നടത്തുന്ന റൂട്ടുകളിലെ പ്രതിദിന ശരാശരി ബുക്കിങ്ങില്‍ വര്‍ധനയുണ്ടായതായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു.
വന്‍ സാമ്പത്തിക നഷ്ടം നേരിടുന്ന എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ തീരുമാനത്തെച്ചൊല്ലി നിക്ഷേപകര്‍ക്കിടയില്‍ സമ്മര്‍ദം നിലനില്‍ക്കുന്നുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും വ്യോമപാതകള്‍ അടച്ചതുമൂലമുള്ള അധിക ഇന്ധനച്ചെലവും കാരണം എയര്‍ ഇന്ത്യയുടെ അറ്റനഷ്ടം 22,000 കോടി രൂപ കവിഞ്ഞിരുന്നു. വന്‍ നഷ്ടം സിംഗപ്പൂര്‍ പാര്‍ലമെന്റിലും ചര്‍ച്ചയായിരുന്നു.
അതേസമയം, 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ അറ്റാദായം മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 44 ശതമാനം കുറഞ്ഞു. എയര്‍ ഇന്ത്യയുടെ നഷ്ടത്തില്‍ തങ്ങളുടെ വിഹിതമായി കണക്കാക്കേണ്ട തുക കുറഞ്ഞതും നികുതിയിനത്തിലെ കുറവും ലാഭത്തിലെ ഇടിവിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചതായി കമ്പനി വ്യക്തമാക്കി.
സാമ്പത്തികഫല അവലോകന യോഗത്തില്‍ എയര്‍ ഇന്ത്യയുടെ നഷ്ടം 16 ശതമാനം കുറഞ്ഞിട്ടില്ലെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മാനേജ്മെന്റ് വിശദീകരിച്ചു. മുന്‍വര്‍ഷങ്ങളില്‍ നഷ്ടം കണക്കാക്കുന്നതിനായി നീക്കിവെച്ചിരുന്ന ചില തുകകള്‍ തിരിച്ചെടുത്തതാണ് സാമ്പത്തിക പ്രസ്താവനയില്‍ എയര്‍ ഇന്ത്യയുടെ നഷ്ടവിഹിതം കുറഞ്ഞതായി കാണാന്‍ കാരണമെന്നും കമ്പനി അറിയിച്ചു.
എയര്‍ ഇന്ത്യയുടെ ബഹുവര്‍ഷ പരിവര്‍ത്തന പദ്ധതിയില്‍ പ്രകടമായ പുരോഗതിയുണ്ടായതായി സാമ്പത്തികഫല പ്രസ്താവനയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിലയിരുത്തി. ഉപഭോക്തൃ അനുഭവത്തിലും പ്രവര്‍ത്തനക്ഷമതയിലും മെച്ചമുണ്ടായിട്ടുണ്ട്. നെറ്റ് പ്രൊമോട്ടര്‍ സ്കോറിലെ (എന്‍ പി എസ്) അനുകൂലമായ മുന്നേറ്റവും വിവിധ പുരസ്കാരങ്ങളും ഉപഭോക്താക്കളുടെ മെച്ചപ്പെട്ട പ്രതികരണത്തിന്റെ സൂചനകളാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.
ഇത്രയും വലിയൊരു പരിവര്‍ത്തനത്തിന് സമയമെടുക്കുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സും ടാറ്റ സണ്‍സും തിരിച്ചറിയുന്നുണ്ട്. എയര്‍ ഇന്ത്യയെ ലാഭകരമായ വളര്‍ച്ചയിലേക്ക് നയിക്കുന്നതിനായി ഇരു പങ്കാളികളും സഹകരണം തുടരുമെന്നും കമ്പനി വ്യക്തമാക്കി. ചെലവുകള്‍ ഘടനാപരമായി കുറയ്ക്കുക, എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും തമ്മിലുള്ള പ്രവര്‍ത്തനപരമായ ഏകോപനവും നേട്ടങ്ങളും വര്‍ധിപ്പിക്കുക, വാണിജ്യ തന്ത്രങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, നിലവിലെ ബാഹ്യ വെല്ലുവിളികളെ നേരിടുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് നല്കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുക എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുകയെന്നും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു.
