വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസവിച്ച് കുട്ടികള്‍ക്ക് പൗരത്വം നേടുന്നതിനായി നടത്തുന്ന 'ജനന ടൂറിസ'വുമായി (ബര്‍ത്ത് ടൂറിസം) ബന്ധമുള്ള വിദേശികളുടെ 6,000ത്തിലേറെ വിസകള്‍ റദ്ദാക്കിയതായി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ജനന ടൂറിസം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഇതിന് സഹായം നല്കുന്നവര്ക്കുമെതിരായ നടപടികള്‍ ട്രംപ് ഭരണകൂടം ശക്തമാക്കുന്നതിനിടെയാണ് നടപടി.
ജനന ടൂറിസം തടയുന്നതിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിച്ച പ്രത്യേക ദൗത്യസംഘം ഇതുവരെ 6,000ത്തിലേറെ വിസകള്‍ റദ്ദാക്കിയതായി എക്സിലെ പോസ്റ്റിലൂടെ വകുപ്പ് വ്യക്തമാക്കി.
ഒക്ടോബറില്‍ വൈറ്റ് ഹൗസ് പുറത്തുവിട്ട കണക്കനുസരിച്ച് 4,000 വിസകളായിരുന്നു റദ്ദാക്കിയിരുന്നത്. പുതിയ കണക്ക് ഭരണകൂടം നടപടികള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണ്.
ജനന ടൂറിസത്തില്‍ ഏര്‍പ്പെടുന്ന വിദേശികളെ കണ്ടെത്തുക, വിസയ്ക്ക് അര്‍ഹതയില്ലെന്ന് കണ്ടെത്തുന്നവരുടെ വിസ റദ്ദാക്കുക, ഇത്തരം യാത്രകള്‍ക്ക് സഹായം നല്കുന്ന ശൃംഖലകളെക്കുറിച്ച് അന്വേഷണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2026 ഓഗസ്റ്റിലാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രത്യേക ദൗത്യസംഘം രൂപീകരിച്ചത്.
ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പുള്‍പ്പെടെയുള്ള വിവിധ ഫെഡറല്‍ ഏജന്‍സികളില്‍നിന്നുള്ള വിവരങ്ങള്‍ ഏകോപിപ്പിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്. യാത്രാചരിത്രം പരിശോധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സംശയാസ്പദമായ കേസുകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.
അമേരിക്കയില്‍ പ്രസവിക്കുന്നതിനുള്ള യാത്രാ സൗകര്യങ്ങള്‍ പരസ്യം ചെയ്യുക, വിസ ലഭിക്കുന്നതിനുള്ള പരിശീലനം നല്‍കുക, യാത്രയുടെ യഥാര്‍ഥ ലക്ഷ്യം മറച്ചുവെക്കാന്‍ അപേക്ഷകരെ സഹായിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ചില വാണിജ്യ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആരോപിക്കുന്നു. വിസ അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും യാത്രയുടെ ഉദ്ദേശ്യം മറച്ചുവെക്കുന്ന വ്യാജ യാത്രാപദ്ധതികള്‍ സമര്‍പ്പിക്കുന്നതുമായ സംഭവങ്ങളും അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുട്ടിക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിന് പ്രസവം മാത്രം ലക്ഷ്യമിട്ട് രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് സന്ദര്‍ശക വിസ അനുവദിക്കുന്നതിനുള്ള അംഗീകൃത കാരണമല്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക വിസ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
ജനന ടൂറിസത്തിനെതിരായ നടപടികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓഗസ്റ്റില്‍ ഒപ്പുവെച്ചിരുന്നു. വിസ റദ്ദാക്കല്‍, രാജ്യത്തേക്കുള്ള പ്രവേശന നിയന്ത്രണം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരായ നടപടി തുടങ്ങിയവയ്ക്കാണ് ഉത്തരവില്‍ നിര്‍ദേശം നല്‍കിയത്.
തുടര്‍ന്ന് ജനന ടൂറിസത്തില്‍ അറിഞ്ഞുകൊണ്ട് ഏര്‍പ്പെടുന്നവര്‍ക്കും അതിന് സഹായം നല്‍കുന്നവര്‍ക്കുമെതിരെ പ്രത്യേക വിസ നിയന്ത്രണ നയം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രഖ്യാപിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം യാത്രകള്‍ സംഘടിപ്പിക്കുന്നവരും വിസ അപേക്ഷകരെ തട്ടിപ്പ് നടത്താന്‍ പരിശീലിപ്പിക്കുന്ന ഇടനിലക്കാരും ഇതിന്റെ പരിധിയില്‍ വരും. ബന്ധപ്പെട്ട ചിലരുടെ കുടുംബാംഗങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമായേക്കാമെന്ന് സെപ്റ്റംബര്‍ 23ലെ പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.
