ന്യൂ ഓര്‍ലിയന്‍സ്: മിസിസിപ്പി നദിയില്‍ ടാങ്കര്‍ കപ്പലുമായി കൂട്ടിയിടിച്ച് വിനോദസഞ്ചാര ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന 180ഓളം യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം.
അമേരിക്കന്‍ ക്രൂസ് ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള 'അമേരിക്കന്‍ ഹെറിറ്റേജ്' എന്ന നദീ വിനോദസഞ്ചാര ബോട്ട് ഏകദേശം രണ്ടു മണിക്കൂറായി മിസിസിപ്പി നദിയില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. യാത്രക്കാര്‍ ഇറങ്ങുന്നതിനിടെയാണ് 'അറ്റ്‌ലാന്റിക് അസ്ഫാള്‍ട്ട്' എന്ന ടാങ്കര്‍ കപ്പല്‍ ബോട്ടില്‍ ഇടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞ് മറിയുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ല. 32 പേരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ന്യൂ ഓര്‍ലിയന്‍സ് മേയര്‍ ഹെലീന മൊറേനോ അറിയിച്ചു. ഇവരില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയില്‍ ചികിത്സ തേടിയവരില്‍ ഉള്‍പ്പെടുന്നു.
അപകടസമയത്ത് ബോട്ടില്‍ 180നും 190നും ഇടയില്‍ ആളുകളുണ്ടായിരുന്നുവെന്നാണ് മേയര്‍ അറിയിച്ചത്. ബോട്ട് മറിയുന്നതിനു മുമ്പ് 87ഓളം പേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചിരുന്നു. ആരെയും കാണാതായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
സംഭവത്തെ അത്ഭുതമെന്നാണ് ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രി വിശേഷിപ്പിച്ചത്. 'ഇത് ഒരു അത്ഭുതമാണ്. മിസിസിപ്പിയില്‍ സംഭവിച്ച യഥാര്‍ഥ അത്ഭുതം' എന്നായിരുന്നു മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയ അമേരിക്കന്‍ ക്രൂസ് ലൈന്‍സ്, യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി പ്രസ്താവനയില്‍ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഹോട്ടലുകളില്‍ താമസസൗകര്യം ഒരുക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
അപകടത്തെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിയുടെ ഇടപെടലിനെ അഭിനന്ദിച്ചു. പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ മികച്ച നേതൃത്വം നല്‍കിയതിന് നന്ദിയറിയിക്കുന്നതായി ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ ട്രംപ് വ്യക്തമാക്കി.
അപകടത്തെത്തുടര്‍ന്ന് മിസിസിപ്പി നദിയിലെ പ്രസ്തുത മേഖലയിലൂടെയുള്ള കപ്പല്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. യു എസ് കോസ്റ്റ് ഗാര്‍ഡും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂട്ടിയിടിയുടെ കാരണം വ്യക്തമല്ല.
