വാഷിംഗ്ടണ്‍: റഷ്യയില്‍നിന്ന് ഡീസല്‍ ഇറക്കുമതി ചെയ്യാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി പ്രതിസന്ധിയില്‍. ചരക്ക് ഏറ്റെടുക്കാന്‍ തയാറുള്ള ഉപഭോക്താക്കളെ കണ്ടെത്താനാകാത്തതിനെത്തുടര്‍ന്ന് അമേരിക്കയിലേക്ക് പുറപ്പെട്ട നിരവധി ഇന്ധനക്കപ്പലുകള്‍ യാത്രാമധ്യേ ഗതിമാറിയതാണ് പദ്ധതിക്ക് തിരിച്ചടിയായത്.
ഡീസല്‍ വില കുതിച്ചുയരുന്നത് നിയന്ത്രിക്കാനും അതുവഴി അമേരിക്കയിലെ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാനുമായിരുന്നു ട്രംപിന്റെ നീക്കം. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില വര്‍ധന വലിയ രാഷ്ട്രീയപ്രശ്‌നമായി മാറിയ സാഹചര്യത്തിലായിരുന്നു റഷ്യന്‍ ഡീസല്‍ ഇറക്കുമതിക്കുള്ള ശ്രമം. എന്നാല്‍, റഷ്യന്‍ ഡീസല്‍ കൈകാര്യം ചെയ്യുന്നതിലൂടെ നിയമപരമായും പ്രതിച്ഛായാപരമായും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന ആശങ്കയില്‍ അമേരിക്കന്‍ എണ്ണക്കമ്പനികള്‍ ചരക്ക് ഏറ്റെടുക്കാന്‍ മടിക്കുകയാണെന്ന് വ്യവസായ മേഖലയിലെ ഉന്നതരും ലോബിയിസ്റ്റുകളും വ്യക്തമാക്കി.
റഷ്യയ്‌ക്കെതിരായ അമേരിക്കന്‍ ഉപരോധത്തില്‍നിന്ന് ഡീസലിനെ ഒഴിവാക്കാനുള്ള ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ ആരോപിച്ചു. റഷ്യന്‍ ഡീസല്‍ സ്വീകരിക്കുന്നത് അന്താരാഷ്ട്ര ഉപരോധങ്ങളുടെ ലംഘനത്തിന് കമ്പനികളെ പ്രേരിപ്പിക്കുമെന്ന ആശങ്കയുമുണ്ട്. ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ റഷ്യന്‍ ഇന്ധന ഇറക്കുമതിക്ക് ഇപ്പോഴും നിരോധനമുണ്ട്.
'രാഷ്ട്രീയവും നിയമപാലനവുമായി ബന്ധപ്പെട്ടതും ഉപരോധങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടതുമായ വെല്ലുവിളികളുണ്ട്'-സമുദ്രഗതാഗത വിവരവിശകലന സ്ഥാപനമായ വിന്‍ഡ്വാര്‍ഡിലെ മുതിര്‍ന്ന അനലിസ്റ്റ് മിഷേല്‍ വീസ് ബോക്ക്മാന്‍ പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ 'വളരെ വിജയകരമായ ചര്‍ച്ചകള്‍ക്കു' പിന്നാലെയാണ് കരാറിലെത്തിയതെന്ന് ഒക്ടോബര്‍ ഒമ്പതിന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അമേരിക്കയിലേക്കും ആഗോള വിപണിയിലേക്കും ഉടന്‍ ഡീസല്‍ വിതരണം ചെയ്യാന്‍ മോസ്‌കോ സമ്മതിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
റഷ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്കുനേരെ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് വേനല്‍ക്കാലത്ത് നിര്‍ത്തിവെച്ച ഡീസല്‍ കയറ്റുമതി റഷ്യ ഭാഗികമായി പുനരാരംഭിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിന് ഒരു മാസത്തിനുശേഷം മധ്യപൂര്‍വദേശം, വടക്കേ ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് റഷ്യ വീണ്ടും ഡീസല്‍ വില്‍ക്കുന്നുണ്ടെങ്കിലും അമേരിക്കയിലേക്കുള്ള കയറ്റുമതി പദ്ധതി മുന്നോട്ടുപോകുന്നില്ല.
റഷ്യന്‍ ഡീസല്‍ നിറച്ച 3 ലക്ഷം ബാരല്‍ ശേഷിയുള്ള 'അജിയോയ് ഫാനെന്‍ഡെസ്' എന്ന കപ്പല്‍ തിങ്കളാഴ്ച അമേരിക്കയുടെ കിഴക്കന്‍ തീരത്തിനടുത്ത് വേഗം കുറയ്ക്കുകയും സിഗ്‌സാഗ് രീതിയില്‍ കടലില്‍ ചുറ്റിക്കറങ്ങുകയും ചെയ്തു. ന്യൂയോര്‍ക്കായിരുന്നു ആദ്യം കപ്പലിന്റെ ലക്ഷ്യസ്ഥാനമായി രേഖപ്പെടുത്തിയിരുന്നത്. റഷ്യന്‍ ഇന്ധനവുമായി അമേരിക്കയിലേക്ക് പുറപ്പെട്ടശേഷം യാത്രാമധ്യേ ഗതിമാറ്റുകയോ ചരക്ക് ഇറക്കേണ്ട തുറമുഖം മാറ്റുകയോ ചെയ്ത നിരവധി കപ്പലുകളില്‍ ഏറ്റവും ഒടുവിലത്തേതാണിത്. കപ്പല്‍ നിരീക്ഷണ സേവനമായ ക്ലെപ്ലര്‍ ഇപ്പോള്‍ ഇതിന്റെ സാധ്യതയുള്ള ലക്ഷ്യസ്ഥാനമായി തെക്കേ അമേരിക്കയെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച മറ്റു മൂന്ന് ഡീസല്‍ ടാങ്കറുകളും അമേരിക്കയിലേക്കുള്ള യാത്ര ഉപേക്ഷിച്ചു. ഇവയില്‍ രണ്ടെണ്ണം ബ്രസീലിലേക്കാണ് നീങ്ങുന്നത്. മൂന്നാമത്തേത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍നിന്ന് മെഡിറ്ററേനിയന്‍ കടലിലേക്ക് ഗതിമാറ്റി ഈജിപ്തിലെത്തിയതായി ക്ലെപ്ലറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം റഷ്യയിലെ പ്രിമോര്‍സ്‌ക് തുറമുഖത്തുനിന്ന് പുറപ്പെടുമ്പോള്‍ ഈ മൂന്ന് കപ്പലുകളും തങ്ങളുടെ ലക്ഷ്യസ്ഥാനമായി 'അറ്റ്‌ലാന്റിക് കോസ്റ്റ്' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അമേരിക്കയുടെ അറ്റ്‌ലാന്റിക് തീരപ്രദേശത്തേക്കുള്ള യാത്രയെ സൂചിപ്പിക്കുന്നതാണ് ഈ പ്രയോഗം.
2022 ഏപ്രിലിനുശേഷം റഷ്യയില്‍നിന്ന് അമേരിക്കയിലേക്ക് ഡീസല്‍ ഇറക്കുമതി ചെയ്തിട്ടില്ലെന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അമേരിക്കയില്‍ ഡീസലിന് ക്ഷാമമില്ലെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ആഭ്യന്തര എണ്ണശുദ്ധീകരണശാലകള്‍ ആഭ്യന്തര ആവശ്യത്തിന് മതിയായ അളവില്‍ ഡീസല്‍ ഉത്പാദിപ്പിക്കുന്നതിനൊപ്പം പ്രതിദിനം 15 ലക്ഷത്തിലധികം ബാരല്‍ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. എന്നിട്ടും മധ്യപൂര്‍വദേശത്തെ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ ഡീസല്‍ ലഭ്യത കുറഞ്ഞതോടെ അമേരിക്കയില്‍ ഒരു ഗാലന്‍ ഡീസലിന്റെ ശരാശരി വില ചൊവ്വാഴ്ച 6.16 ഡോളറായി ഉയര്‍ന്നു. യുദ്ധത്തിന് മുമ്പ് ഇത് 3.75 ഡോളറായിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മികച്ച വിജയം ലഭിച്ചതിനുശേഷം റഷ്യന്‍ ഡീസല്‍ ഇടപാടുകളില്‍ പങ്കാളികളാകുന്നത് അടുത്ത കോണ്‍ഗ്രസിന്റെ അന്വേഷണങ്ങള്‍ക്ക് കാരണമാകുമെന്ന് കമ്പനികള്‍ ആശങ്കപ്പെടുന്നതായും എണ്ണമേഖലയിലെ ലോബിയിസ്റ്റുകള്‍ പറഞ്ഞു.
'ഈ ഇടപാടില്‍ പങ്കാളികളാകുന്നവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളെക്കാള്‍ അപകടസാധ്യതകളാണ് കൂടുതലുള്ളത്. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയുടെ പങ്കാളികളെന്ന നിലയില്‍ അവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരാം. മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും വിധേയരാകാം. അത്തരമൊരു സാഹചര്യം ആര്‍ക്കാണ് ആവശ്യം?' സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളുടെ സംഘടനയായ എകാംസ് ഡേറ്റ ആന്‍ഡ് ഇന്‍സൈറ്റ്‌സ് വിഭാഗം മേധാവി ജോര്‍ജ് വൊലോഷിന്‍ പറഞ്ഞു.
