കൊച്ചി: കേരളത്തിന്റെ സാംസ്കാരിക പൈതൃകവും തനത് വിജ്ഞാനവും പുതിയ ആശയങ്ങളും സമന്വയിപ്പിക്കുന്ന ഡിസൈനുകള്‍ സംസ്ഥാനത്ത് രൂപപ്പെടണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി കേരള മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. ഡിസൈനര്‍മാര്‍ക്കായി കേരളത്തില്‍ സ്ഥാപനം ആരംഭിക്കാന്‍ താല്പര്യമുള്ളവര് മുന്നോട്ടുവന്നാല്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനേഴ്സ് (ഐ ഐ ഐ ഡി) ഡിസൈന്‍ കോണ്‍ക്ലേവ് കളമശ്ശേരി ചാക്കോളാസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തനത് സാംസ്കാരിക പാരമ്പര്യം വാസ്തുവിദ്യയിലും ഡിസൈനുകളിലും പ്രതിഫലിക്കണം. സര്‍ക്കാര്‍ നിര്‍മിക്കുന്ന ആശുപത്രികള്‍, സ്കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ രൂപകല്‍പ്പനയില്‍ നിലവില്‍ കാര്യമായ വ്യത്യാസങ്ങളില്ല. വ്യക്തമായ കളര്‍ കോഡുകള്‍ പോലും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഈ സാഹചര്യം മാറണമെന്നും കെട്ടിടങ്ങളുടെ രൂപകല്‍പ്പനയില്‍ അവയുടെ ആവശ്യകതയ്ക്കും പ്രാദേശിക സവിശേഷതകള്‍ക്കും അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ആര്ക്കിടെക്ടുകള്ക്കായി ഒരു സ്ഥാപനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതുപോലെ ഡിസൈനര്‍മാര്‍ക്കായി കൂടി ഒരു സ്ഥാപനം ആരംഭിക്കേണ്ടതുണ്ട്. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും തനത് വിജ്ഞാനവും ആധുനിക ആശയങ്ങളും സംയോജിപ്പിച്ചുള്ള ഡിസൈനുകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഡിസൈനിങ് ഒരു കലയാണെന്നും ഡിസൈനര്‍മാര്‍ കലാകാരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഡിസൈന്‍ രീതികളും വാസ്തുവിദ്യാ സങ്കല്‍പ്പങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം അക്കാദമിക് പരിപാടികളും സ്ഥാപനത്തില്‍ സംഘടിപ്പിക്കണം. സര്‍ക്കാര്‍ ആര്‍ക്കിടെക്ടുകള്‍, എന്‍ജിനീയര്‍മാര്‍, ഡിസൈനര്‍മാര്‍ എന്നിവര്‍ക്കായി ആറുമാസത്തിലൊരിക്കല്‍ ഓറിയന്റേഷന്‍, പുനഃപരിശീലന പരിപാടികള്‍ നടത്താനും പുതിയ ഡിസൈനുകള്‍, പ്രമേയങ്ങള്‍, കളര്‍ കോഡുകള്‍ എന്നിവ പരിചയപ്പെടുത്താനും സര്‍ക്കാര്‍ പിന്തുണ നല്‍കും.
യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ദീര്‍ഘകാല സാംസ്കാരിക പൈതൃകം വാസ്തുവിദ്യയിലൂടെ സംരക്ഷിക്കുന്ന മാതൃക കേരളവും പിന്തുടരണം. ആര്‍ക്കിടെക്ടുകളും ഡിസൈനര്‍മാരും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. ഈ രംഗത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും പുതിയ ആശയങ്ങളും നല്കാന് കഴിയുന്ന ഒരു സ്ഥാപനം കേരളത്തില്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ നഗരങ്ങളുടെ ചരിത്രവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഡിസൈന്‍ നയം വേണമെന്നും സര്‍ക്കാര്‍ വകുപ്പുകളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി പ്രവര്‍ത്തിച്ച് നഗരങ്ങളുടെ തനിമ നിലനിര്‍ത്തുന്ന നിര്‍മാണരീതികള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹൈബി ഈഡന് എം പി ആവശ്യപ്പെട്ടു.
കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളിലെപ്പോലെ ഓരോ നഗരത്തിനും അടയാളമായി മാറുന്ന പാലങ്ങളും കവാടങ്ങളും സവിശേഷ നിര്‍മിതികളും കേരളത്തിലും ഉണ്ടാകണം. പൊതുവായ ഡിസൈന്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഏകോപിതമായി പ്രവര്‍ത്തിക്കണം. ഇത്തരമൊരു നയം നടപ്പാക്കുന്നത് ഡിസൈനര്‍മാര്‍ക്കും ആര്‍ക്കിടെക്ടുകള്‍ക്കും പ്രയോജനകരമാകുന്നതിനൊപ്പം ജനങ്ങള്‍ക്ക് മികച്ച നഗരാന്തരീക്ഷവും കൂടി ഉറപ്പാക്കുമെന്നും ഹൈബി ഈഡന് പറഞ്ഞു.
ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍, കളമശ്ശേരി നഗരസഭാ ചെയര്മാന് ജമാല്‍ മണക്കാടന് എന്നിവര്‍ പങ്കെടുത്തു.
കേരളത്തില്‍ ഡിസൈനിംഗ് രംഗത്തെ പ്രഗത്ഭരായ എന്‍ മഹേഷ് തിരുവനന്തപുരം, എസ് ഗോപകുമാര്‍ കൊച്ചി, പരേതനായ എന്‍ എം സലിം എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
ഐ ഐ ഐ ഡി നാഷണല്‍ ഹോണററി സെക്രട്ടറി അന്ഷുമന് ശര്‍മ, ഐ ഐ ഐ ഡി കേരള റീജിയണല്‍ ചാപ്റ്റര്‍ ചെയര്‍പേഴ്സ്ണ്‍ ചിത്ര നായര്‍, ഹോണററി സെക്രട്ടറി സൂര്യ പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.
