വത്തിക്കാൻ സിറ്റി: ഇന്ത്യയിലെ പുതിയ വത്തിക്കാൻ സ്ഥാനപതിയായി പോളണ്ട് സ്വദേശിയായ ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മർടാഗിനെ (58) ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. 2026 നവംബർ 14 ശനിയാഴ്ചയാണ് വത്തിക്കാൻ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
മുൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേല്ലിയെ 2026 മാർച്ചിൽ ക്രൊയേഷ്യയിലെ അപ്പസ്തോലിക് നുൺഷ്യോയായി മാറ്റിനിയമിച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്കാണ് പുതിയ നിയമനം. ഇന്ത്യൻ സർക്കാരുമായുള്ള വത്തിക്കാന്റെ നയതന്ത്ര ബന്ധങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം ഇന്ത്യയിലെ കത്തോലിക്കാ സഭയുമായുള്ള മാർപാപ്പയുടെ ഔദ്യോഗിക പ്രതിനിധിയായും അദ്ദേഹം പ്രവർത്തിക്കും.
1968 ഫെബ്രുവരി 6-ന് പോളണ്ടിലെ വിയെൻക്ബോർക്കിലാണ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മർടാഗ് ജനിച്ചത്. 1993 മെയ് 30-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, റോമിലെ പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയിൽ നിന്ന് നയതന്ത്ര പഠനവും പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ദി ഹോളി ക്രോസിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും നേടി.
2000 ജൂലൈ 1-നാണ് അദ്ദേഹം വത്തിക്കാൻ നയതന്ത്ര സേവനത്തിൽ പ്രവേശിച്ചത്. തുടർന്ന് ടാൻസാനിയ (2000–2003), നിക്കരാഗ്വ (2003–2005), ബോസ്നിയ-ഹെർസഗോവിന, മോണ്ടിനെഗ്രോ (2005–2010), ഇസ്രായേൽ, പലസ്തീൻ, സൈപ്രസ് (2010–2013) എന്നിവിടങ്ങളിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചു.
ഇന്ത്യയിൽ പുതിയ വത്തിക്കാൻ സ്ഥാനപതിയായി ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മർടാഗിനെ നിയമിച്ചു
