വാഷിംഗ്ടൺ: പ്രാദേശിക വ്യോമഗതാഗത നിയന്ത്രണ കേന്ദ്രങ്ങളിലെ ആശയവിനിമയ സംവിധാനങ്ങളിലുണ്ടായ തകരാറിനെ തുടർന്ന് അമേരിക്കയിൽ നാലു മണിക്കൂറോളം വിമാന സർവീസുകൾ നിർത്തിവെച്ചതിനു പിന്നാലെ സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ വിമാനക്കമ്പനികൾ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുന്നതിനാൽ കാലതാമസവും സർവീസ് റദ്ദാക്കലും ഇനിയും ഉണ്ടാകുമെന്ന് ഗതാഗത സെക്രട്ടറി സീൻ ഡഫി മുന്നറിയിപ്പ് നൽകി.
വിമാനയാത്ര സുരക്ഷിതമാണെന്നും സർവീസുകൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം ശനിയാഴ്ച എക്സിലൂടെ അറിയിച്ചു. വിമാനങ്ങൾ പുറപ്പെടുകയും ടാക്സിയിങ് നടത്തി പറന്നുയരുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിമാനങ്ങളും ജീവനക്കാരെയും ആവശ്യമായ സ്ഥലങ്ങളിലേക്ക് പുനഃക്രമീകരിക്കുന്നതിനാൽ യാത്രക്കാർ കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന വെബ്സൈറ്റായ ഫ്ലൈറ്റ് അവെയറിന്റെ കണക്കനുസരിച്ച്, സർവീസ് തടസ്സം 20,000ത്തിലധികം വിമാനങ്ങളെ ബാധിച്ചു. ശനിയാഴ്ചയോടെ അമേരിക്കയിൽ 3,900ലധികം വിമാനങ്ങൾ റദ്ദാക്കുകയും 2,500ഓളം സർവീസുകൾ വൈകുകയും ചെയ്തു.
വെള്ളിയാഴ്ചയാണ് രാജ്യവ്യാപകമായി വിമാനങ്ങൾ നിലത്തിറക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഉത്തരവിട്ടത്. രാജ്യത്തെ വിവിധ വ്യോമഗതാഗത നിയന്ത്രണ കേന്ദ്രങ്ങളിൽ റഡാർ സംവിധാനങ്ങളിലെ ക്രമക്കേടുകളും ആശയവിനിമയ തകരാറുകളും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. പിന്നീട് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ വിമാന സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകി. അസാധാരണ സാഹചര്യങ്ങളാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് അധികൃതർ വിശദീകരിച്ചു.
2023 ജനുവരിയിൽ എഫ്എഎയുടെ കമ്പ്യൂട്ടർ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനഗതാഗതം തടസ്സപ്പെട്ടതിനുശേഷം ആദ്യമായാണ് രാജ്യവ്യാപകമായി ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനുശേഷം അമേരിക്കയിൽ വിമാന സർവീസുകൾ പൂർണമായി നിർത്തിവെക്കുന്ന രണ്ടാമത്തെ സംഭവവുമാണിത്.
വെള്ളിയാഴ്ച നിയന്ത്രണം പ്രഖ്യാപിക്കുമ്പോൾ 3,500ലധികം വിമാനങ്ങൾ ആകാശത്തുണ്ടായിരുന്നുവെന്ന് ഡഫി പറഞ്ഞു. നിലവിലുള്ള സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ച് വിമാനങ്ങളെ സുരക്ഷിതമായി താഴെയിറക്കാൻ അധികൃതർക്ക് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. റഡാർ വിവരങ്ങൾ കൈമാറുന്നതിലും വിമാനങ്ങളുമായുള്ള ആശയവിനിമയത്തിലും പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാലഹരണപ്പെട്ട വ്യോമഗതാഗത നിയന്ത്രണ സാങ്കേതികവിദ്യയും അമിതമായ വിവരഭാരം കൈകാര്യം ചെയ്യാൻ കഴിയാത്ത റൂട്ടറുകളുമാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ഡഫിയുടെ വിശദീകരണം. അമേരിക്കയുടെ വ്യോമഗതാഗത നിയന്ത്രണ സംവിധാനം വളരെ പഴക്കമുള്ളതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തണമെന്നും രാജ്യത്തെ വ്യോമയാന അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് അമേരിക്കൻ നിയമനിർമാതാക്കൾ രംഗത്തെത്തി. വ്യോമഗതാഗത നിയന്ത്രണ സംവിധാനങ്ങളും വിമാനത്താവള അടിസ്ഥാനസൗകര്യങ്ങളും അടിയന്തരമായി നവീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവത്തിലൂടെ വ്യക്തമായതെന്ന് റിപ്പബ്ലിക്കൻ സെനറ്റർ എറിക് ഷ്മിറ്റ് എക്സിലൂടെ പ്രതികരിച്ചു. നവീകരണം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
