ടെൽ അവീവ്: ഇറാനിൽ നിന്നുള്ള സുരക്ഷാഭീഷണി നേരിടാൻ പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിനോട് ദേശീയ ഐക്യസർക്കാരിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ഭീഷണി പൂർണമായും ഇല്ലാതാക്കാനും രാജ്യത്തിന്റെ സുരക്ഷ ദീർഘകാലത്തേക്ക് ഉറപ്പാക്കാനും വിശാലമായ രാഷ്ട്രീയ മുന്നണി അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഐസൻകോട്ടുമായി നടത്തിയ കൂടിക്കാഴ്ച ദേശീയ ഐക്യസർക്കാർ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച തന്റെ വിശ്വാസം ശക്തിപ്പെടുത്തിയതായി ശനിയാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ നെതന്യാഹു വ്യക്തമാക്കി. മുൻകൂർ നിബന്ധനകളില്ലാതെ ചർച്ചകൾക്ക് തയ്യാറാകണമെന്നും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെക്കണമെന്നും അദ്ദേഹം പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു. ജൂതജനതയുടെ രാഷ്ട്രമായി ഇസ്രായേലിന്റെ നിലനിൽപ്പിനെ പിന്തുണയ്ക്കുന്ന എല്ലാ പാർട്ടികളെയും ഉൾക്കൊള്ളുന്നതായിരിക്കണം പുതിയ സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ആണവപദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച നെതന്യാഹു, യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുകയും ആണവായുധ വികസനം വേഗത്തിലാക്കുകയും ചെയ്താൽ അത് ഇസ്രായേലിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് നൽകി.
'ഓപ്പറേഷൻ റൈസിങ് ലയൺ', 'ഓപ്പറേഷൻ റോറിങ് ലയൺ' എന്നീ സൈനിക നടപടികളിലൂടെ ആസന്നമായ നാശഭീഷണി അകറ്റാൻ കഴിഞ്ഞതായും ഭാവിയിലും ഇത്തരം ഭീഷണികൾ തടയാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന് മുകളിൽ നിലനിൽക്കുന്ന ഈ അസ്തിത്വഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കണമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഐസൻകോട്ടിന്റെ നേതൃത്വത്തിൽ രൂപീകരിക്കാൻ ശ്രമിക്കുന്ന ബദൽ സർക്കാരിനെ 'ദുർബലവും അപകടകരവുമായ സർക്കാർ' എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. പരിമിതമായ കക്ഷികളുടെ പിന്തുണയിലോ അറബ് പാർട്ടികളുടെ ആശ്രയത്തിലോ നിലനിൽക്കുന്ന സർക്കാർ ഇറാന്റെ ഭീഷണി നേരിടാൻ പ്രാപ്തമാകില്ലെന്നും അദ്ദേഹം ആരോപിച്ചു. അറബ് പാർട്ടികളെ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
രാജ്യത്ത് ദേശീയ അനുരഞ്ജനത്തിനുള്ള പൊതുവികാരം ശക്തമാണെന്നും അതിനുള്ള മറുപടിയായിരിക്കണം ദേശീയ ഐക്യസർക്കാരെന്നും നെതന്യാഹു പറഞ്ഞു. സൈനികസേവനത്തിനുള്ള നിർബന്ധിത നിയമനവുമായി ബന്ധപ്പെട്ട പ്രശ്നവും ചർച്ചകളിൽ പരിഹരിക്കേണ്ടതുണ്ട്. തീവ്ര ഓർത്തഡോക്സ് ജൂതസമൂഹത്തിന്റെ പ്രതിനിധികളുമായി ചർച്ച നടത്തി ഈ വിഷയത്തിൽ പരിഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്രായേലിന്റെ ദേശീയഗാനമായ 'ഹതിക്വ' ആലപിക്കുമ്പോൾ ചിലർ മനഃപൂർവം സഭ വിട്ടുപോയ സംഭവത്തിന് നൽകേണ്ട മറുപടി 'പ്രതീക്ഷയുടെ സർക്കാർ' അഥവാ ദേശീയ ഐക്യസർക്കാർ രൂപീകരിക്കലാണെന്നും നെതന്യാഹു പറഞ്ഞു.
