കൊച്ചി: കൊച്ചിയിലെ ഗതാഗത സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മട്ടാഞ്ചേരിയില്‍നിന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ വരെ 9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സ്‌കൈ മെട്രോ പദ്ധതി നിര്‍ദേശിച്ച് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ എം ഡി ഇ ശ്രീധരന്‍. പദ്ധതി യാഥാര്‍ഥ്യമായാല്‍ മട്ടാഞ്ചേരിയില്‍നിന്ന് എറണാകുളം സൗത്തിലെത്താന്‍ വെറും 15 മിനിറ്റ് മതിയാകുമെന്നാണ് അദ്ദേഹത്തെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
ട്രാക്കില്‍ തൂങ്ങി സഞ്ചരികക്കുന്ന കാപ്‌സ്യൂള്‍ മാതൃകയിലുള്ള ചെറുവാഹനങ്ങളാണ് (പോഡുകള്‍) ഗതാഗതത്തിന് ഉപയോഗിക്കുകയെന്നാണ് ഇ ശ്രീധരന്‍ പറയുന്നത്.
പരമ്പരാഗത മെട്രോ ശൃംഖലയുടെ വികസനത്തിന് ഉയര്‍ന്ന ചെലവ് വേണ്ടിവരുന്ന സാഹചര്യത്തില്‍ ചെലവു കുറഞ്ഞ ബദല്‍ ഗതാഗത സംവിധാനമെന്ന നിലയിലാണ് സ്‌കൈ മെട്രോ നിര്‍ദേശിച്ചിരിക്കുന്നത്. ഒരു കിലോമീറ്റര്‍ സ്‌കൈ മെട്രോ പാതയ്ക്ക് 100 കോടി രൂപയില്‍ താഴെ മാത്രമാണ് ചെലവു വരികയെന്നാണ് ഇ ശ്രീധരന്റെ വിലയിരുത്തല്‍. അതേസമയം, എലിവേറ്റഡ് മെട്രോ പാതയ്ക്ക് കിലോമീറ്ററിന് 200 കോടിയിലധികം രൂപ ചെലവാകും. ഷാര്‍ജയില്‍ അടുത്തിടെ സ്ഥാപിച്ച സ്‌കൈ മെട്രോ സംവിധാനം പഠിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനോട് (കെ എം ആര്‍ എല്‍) അദ്ദേഹം ആവശ്യപ്പെട്ടു.
ജനവാസമേഖലകള്‍ കൂടുതലുള്ള കൊച്ചിയില്‍ മെട്രോ ശൃംഖല വേഗത്തില്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും ജി എസ് ടിയും മറ്റ് നികുതികളും കാരണം പരമ്പരാഗത മെട്രോ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാകുകയാണെന്നും പറഞ്ഞ ഇ ശ്രീധരന്‍ ചെലവു കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഗതാഗത സംവിധാനങ്ങള്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സബ്‌സിഡികള്‍ കുറഞ്ഞുവരികയും നിര്‍മാണ സാമഗ്രികളുടെയും ഭൂമിയുടെയും വില ഉയരുകയുമാണ്. വൈദ്യുതി ചെലവും വര്‍ധിക്കുന്നുവെന്നും ശ്രീധരന്‍ പറഞ്ഞു.
പരമ്പരാഗത മെട്രോയ്ക്ക് ആവശ്യമായ യാത്രക്കാരുടെ എണ്ണം ലഭിക്കുമെന്ന് ഉറപ്പില്ലാത്ത റൂട്ടുകളില്‍ ഇത്തരം ബദല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മട്ടാഞ്ചേരി പാലസിന് സമീപമുള്ള മന്ത്ര റോഡ്- സാന്റോ ഗോപാലന്‍ റോഡ് ജങ്ഷനില്‍നിന്നാണ് നിര്‍ദിഷ്ട പാത ആരംഭിക്കുക. സാന്റോ ഗോപാലന്‍ റോഡിലൂടെ നീങ്ങി പി ടി ജേക്കബ് റോഡിലേക്ക് പ്രവേശിക്കുന്ന പാത ഗേറ്റ്വേ ഓഫ് കൊച്ചിന്‍ പാലം കടക്കും. തുടര്‍ന്ന് പഴയ ദേശീയപാത 47-ലൂടെ വെണ്ടുരുത്തി പാലം കടന്ന് പെരുമാനൂരിലെത്തും. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് സേവനം നല്‍കിയിരുന്ന പഴയ റെയില്‍വേ സൈഡിങ്ങിന്റെ പാതയിലൂടെ റെയില്‍വേ ട്രാക്കുകളിലേക്ക് തിരിഞ്ഞ് നിലവിലുള്ള റെയില്‍വേ ലൈനിന്റെ പടിഞ്ഞാറുഭാഗത്തുകൂടി എറണാകുളം സൗത്ത് സ്റ്റേഷനിലെത്തും.
ഒന്‍പത് കിലോമീറ്റര്‍ പാതയില്‍ ടെര്‍മിനല്‍ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ പത്ത് സ്റ്റേഷനുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. സ്റ്റേഷനുകള്‍ തമ്മില്‍ കൃത്യം ഒരു കിലോമീറ്റര്‍ അകലമുണ്ടാകും. താങ്ങുതൂണുകള്‍ 200 മുതല്‍ 300 മീറ്റര്‍ വരെ ഇടവിട്ട് സ്ഥാപിക്കാനാകും.
മെട്രോ ട്രെയിനുകള്‍ക്കു പകരം ഉറപ്പുള്ള സ്റ്റീല്‍ ഗര്‍ഡറുകളില്‍ തൂക്കിയിട്ട നിലയില്‍ സഞ്ചരിക്കുന്ന ചെറു പോഡുകളാണ് സ്‌കൈ മെട്രോയുടെ പ്രത്യേകത. ഇരട്ട റെയില്‍ സംവിധാനത്തിലൂടെ ഓരോ പോഡിലും ഏകദേശം 16 പേര്‍ക്ക് യാത്ര ചെയ്യാം. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയാണ് വേഗം. വഴക്കമുള്ള കേബിളുകള്‍ക്കു പകരം ഉറപ്പുള്ള ഗര്‍ഡറുകള്‍ ഉപയോഗിക്കുന്നതിനാല്‍ 40 മീറ്റര്‍ വരെ കുറഞ്ഞ വളവുവ്യാസമുള്ള പാതകളും നിര്‍മിക്കാനാകുമെന്ന് ശ്രീധരന്‍ വിശദീകരിച്ചു.
ഓരോ 15 മിനിറ്റിലും 300 യാത്രക്കാരെ വീതം കൊണ്ടുപോകാന്‍ സംവിധാനത്തിന് ശേഷിയുണ്ടാകും. ഇതനുസരിച്ച് മണിക്കൂറില്‍ 1,200 യാത്രക്കാരെയും പത്ത് മണിക്കൂര്‍ പ്രവര്‍ത്തനസമയത്തില്‍ 12,000 യാത്രക്കാരെയും വഹിക്കാനാകും.
ഷാര്‍ജയില്‍ അടുത്തിടെ സ്ഥാപിച്ച സ്‌കൈ മെട്രോ സംവിധാനം കൊച്ചിക്കും മാതൃകയാക്കാവുന്നതാണെന്ന് ശ്രീധരന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയും അന്നത്തെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഈ സംവിധാനം സന്ദര്‍ശിച്ച് വിലയിരുത്തിയിരുന്നുവെന്നും ഇരുവരും അതില്‍ മതിപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഷാര്‍ജയില്‍ സ്‌കൈ മെട്രോ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ സമാന സംവിധാനം കൊച്ചിയില്‍ നടപ്പാക്കിക്കൂടേ? പദ്ധതി യാഥാര്‍ഥ്യമായാല്‍ പരമ്പരാഗത മെട്രോ, വാട്ടര്‍ മെട്രോ, സ്‌കൈ മെട്രോ എന്നിങ്ങനെ മൂന്ന് മെട്രോ അധിഷ്ഠിത ഗതാഗത സംവിധാനങ്ങള്‍ കൊച്ചിക്ക് സ്വന്തമാകും,' ശ്രീധരന്‍ പറഞ്ഞു.
ഷാര്‍ജയിലെ സ്‌കൈ മെട്രോ സംവിധാനത്തെക്കുറിച്ച് വിശദമായ പഠനം നടത്തി, പദ്ധതി നടപ്പാക്കിയവരുടെ സഹായത്തോടെ ഡി പി ആര്‍ തയാറാക്കാന്‍ കെ എം ആര്‍ എല്ലിനോടും അദ്ദേഹം ആവശ്യപ്പെട്ടു.
