നേറ്റോ അംഗത്വത്തിന് പകരം ഡോണ്‍ബാസ് മേഖല വിട്ടുനല്‍കണമെന്ന നിര്‍ദേശം അമേരിക്ക മുന്നോട്ടുവെച്ചതായി സെലന്‍സ്‌കി

നേറ്റോ അംഗത്വത്തിന് പകരം ഡോണ്‍ബാസ് മേഖല വിട്ടുനല്‍കണമെന്ന നിര്‍ദേശം അമേരിക്ക മുന്നോട്ടുവെച്ചതായി സെലന്‍സ്‌കി


കീവ്: നേറ്റോ അംഗത്വം നല്‍കുന്നതിന് പകരമായി കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ ശേഷിക്കുന്ന സൈന്യത്തെ പിന്‍വലിക്കണമെന്ന നിര്‍ദേശം അമേരിക്കന്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സെലന്‍സ്‌കിയുടെ പ്രസ്താവനയോട് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവിധ നിര്‍ദേശങ്ങള്‍ ഇപ്പോഴും ചര്‍ച്ചയിലുണ്ടെന്നും അന്തിമ കരാറിന് ഇരുപക്ഷത്തിന്റെയും അംഗീകാരം ആവശ്യമായിരിക്കുമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ ബി ബി സിയോട് വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി അമേരിക്കന്‍ പ്രതിനിധികള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും സെലന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുക്രെയ്ന്‍ പ്രസിഡന്റ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

നേറ്റോ സൈനിക സഖ്യത്തില്‍ അംഗത്വം നേടണമെന്നത് യുക്രെയ്‌നിന്റെ ദീര്‍ഘകാല ആവശ്യമാണ്. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഇതിനെ നേരത്തേ എതിര്‍ത്തിരുന്നു. അതിര്‍ത്തിയില്‍ മറ്റൊരു നേറ്റോ അംഗരാജ്യം കൂടി വരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് റഷ്യയുടെ നിലപാട്.

2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്‌നില്‍ പൂര്‍ണതോതിലുള്ള അധിനിവേശം ആരംഭിച്ചത്. വ്യാവസായിക പ്രാധാന്യമുള്ള ഡോണ്‍ബാസ് മേഖലയുടെ ഭൂരിഭാഗവും നിലവില്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിലുള്ള ഭൂമി വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന് സെലന്‍സ്‌കി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

'യുക്രെയ്ന്‍ നേറ്റോയില്‍ അംഗമായാല്‍ ഡോണ്‍ബാസ് മേഖലയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുമോ എന്ന ചോദ്യം അമേരിക്കക്കാര്‍ ഉന്നയിച്ചു. ഇത്തരമൊരു നിര്‍ദേശം ആദ്യമായാണ് ചര്‍ച്ചയില്‍ വരുന്നത്,' ശനിയാഴ്ച തന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ സെലന്‍സ്‌കി പറഞ്ഞു.

സുരക്ഷാ ഉറപ്പുകള്‍, യുക്രെയ്ന്‍ സൈന്യത്തിന്റെ ശേഷിക്ക് നിയന്ത്രണങ്ങളില്ലെന്ന ഉറപ്പ്, രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള സാമ്പത്തിക സഹായം എന്നിവ ഉള്‍പ്പെടുന്ന വ്യക്തമായ നിര്‍ദേശം ലഭിച്ചാല്‍ അത് ഹിതപരിശോധനയ്ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ പ്രതിനിധികളായ ജാരെഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്‌കോഫും വ്യാഴാഴ്ച അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലെത്തി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുമ്പ് മോസ്‌കോയില്‍ പുടിനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇവര്‍ യുക്രെയ്ന്‍ പ്രസിഡന്റിനെ കണ്ടത്.

യുദ്ധം സംബന്ധിച്ച റഷ്യയുടെ നിലപാടില്‍ മാറ്റമില്ലെന്നാണ് പുടിന്റെയും ക്രെംലിന്‍ ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. സമാധാന കരാറിന്റെ ഭാഗമായി യുക്രെയ്ന്‍ സൈന്യത്തിന്റെ വലുപ്പത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുക, പ്രദേശങ്ങള്‍ വിട്ടുനല്‍കുക, നിഷ്പക്ഷ നിലപാട് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റഷ്യ നേരത്തേ മുന്നോട്ടുവെച്ചത്.

എന്നാല്‍ ഇത്തരം നിബന്ധനകള്‍ ഭാവിയില്‍ റഷ്യയുടെ മറ്റൊരു അധിനിവേശത്തെ ചെറുക്കാനുള്ള യുക്രെയ്‌നിന്റെ ശേഷി ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി കീവ് ഇവ തള്ളിക്കളഞ്ഞു.

അമേരിക്കയ്ക്ക് പുറമെ മറ്റ് നേറ്റോ അംഗരാജ്യങ്ങളും യുക്രെയ്‌നിന്റെ അംഗത്വ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ നേറ്റോ അംഗത്വം യാഥാര്‍ഥ്യമാകാന്‍ സാധ്യതയില്ലെന്ന് യുക്രെയ്ന്‍ നേതൃത്വവും വിലയിരുത്തുന്നതായാണ് വിവരം. റഷ്യയും യുക്രെയ്‌നിന്റെ നേറ്റോ പ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നു.

ഡോണ്‍ബാസ് മേഖലയിലെ അധിനിവേശ പ്രദേശങ്ങള്‍ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് യുക്രെയ്‌നിന്റെ പരമാവധി വിട്ടുവീഴ്ചാ പരിധി (റെഡ് ലൈന്‍) മനസ്സിലാക്കാനുള്ള ശ്രമമായിരിക്കാം അമേരിക്കന്‍ പ്രതിനിധികള്‍ നടത്തിയതെന്നാണ് വിലയിരുത്തല്‍. സമാധാനത്തിനായി പ്രദേശങ്ങള്‍ വിട്ടുനല്‍കണമെന്ന നിലപാടില്‍ അമേരിക്കന്‍ മധ്യസ്ഥര്‍ കീവിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് സെലന്‍സ്‌കി നേരത്തേ ആരോപിച്ചിരുന്നു.

റഷ്യയുടെ ലക്ഷ്യങ്ങള്‍ ഡോണ്‍ബാസ് മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് യുക്രെയ്‌നിന്റെ വിലയിരുത്തല്‍. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ഏക മാര്‍ഗം നേറ്റോ അംഗത്വമാണെന്നും കീവ് കരുതുന്നു.

നേറ്റോ അംഗത്വത്തിന് പകരമായി പ്രദേശങ്ങള്‍ വിട്ടുനല്‍കണമെന്ന നിര്‍ദേശം വീണ്ടും പരസ്യമായി ഉന്നയിച്ചതിലൂടെ നേരത്തേ അവസാനിച്ചതായി കരുതിയ ചര്‍ച്ച പുന:രാരംഭിക്കാനാണ് സെലന്‍സ്‌കി ശ്രമിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ സുരക്ഷയെക്കുറിച്ചുള്ള അതീവ സങ്കീര്‍ണമായ ചര്‍ച്ചയുടെ ഭാഗമായി ഈ വിഷയം വീണ്ടും അജന്‍ഡയിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യയുടെ കടുത്ത നിലപാടുകള്‍ക്കുള്ള യുക്രെയ്‌നിന്റെ പ്രതികരണമായും ഈ നീക്കത്തെ കാണുന്നുണ്ട്. നേറ്റോയുടെ സ്വാധീനം കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്ന 'പുതിയ യൂറോപ്യന്‍ സുരക്ഷാ ഘടന'യെക്കുറിച്ചാണ് മോസ്‌കോ ഇപ്പോള്‍ സംസാരിക്കുന്നത്.

ഈ ആഴ്ച അബുദാബിയില്‍ നടന്ന യുക്രെയ്ന്‍- റഷ്യ- അമേരിക്ക ചര്‍ച്ചകളില്‍ പ്രധാനമായും ഡോണ്‍ബാസ് വിഷയമാണ് പരിഗണിച്ചതെന്നാണ് സൂചന.

സെലന്‍സ്‌കിയുടെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം യുക്രെയ്‌നിന് നേറ്റോ അംഗത്വം നല്‍കാമെന്ന അമേരിക്കന്‍ നിര്‍ദേശത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തണുപ്പിക്കാന്‍ ജാരെഡ് കുഷ്‌നര്‍ ശ്രമിച്ചു. അതീവ ഗൗരവമുള്ള ചര്‍ച്ചകളില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചര്‍ച്ചകളില്‍ പരമാവധി വിട്ടുവീഴ്ചകള്‍ ആവശ്യപ്പെടുന്ന നിര്‍ദേശങ്ങളും ശക്തമായ രാഷ്ട്രീയ പ്രസ്താവനകളും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് കുഷ്‌നര്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള പുതിയ ആശയങ്ങള്‍ പരിശോധിക്കുന്നതിനായി സ്വകാര്യ ചര്‍ച്ചകളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആശയങ്ങള്‍ പുതിയ നിര്‍ദേശങ്ങളിലേക്കോ നിര്‍ണായക മുന്നേറ്റങ്ങളിലേക്കോ നയിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.

നിലവില്‍ യുക്രെയ്‌നിന്റെ മൊത്തം ഭൂപ്രദേശത്തിന്റെ ഏകദേശം അഞ്ചിലൊന്ന് റഷ്യയുടെ നിയന്ത്രണത്തിലാണ്. ഡോണ്‍ബാസ് മേഖലയിലെ ഡൊണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് പ്രദേശങ്ങളുടെ ഭൂരിഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു.

2014ല്‍ നിയമവിരുദ്ധമായി കൂട്ടിച്ചേര്‍ത്ത ക്രിമിയന്‍ ഉപദ്വീപിനൊപ്പം റഷ്യന്‍ സൈന്യം ഇതുവരെ പിടിച്ചെടുക്കാത്ത ഡോണ്‍ബാസ് പ്രദേശങ്ങളും യുക്രെയ്ന്‍ വിട്ടുനല്‍കണമെന്നാണ് മോസ്‌കോയുടെ ആവശ്യം. അന്തിമ സമാധാന കരാര്‍ ഉണ്ടാകുന്നതുവരെ വെടിനിര്‍ത്തലിന് തയ്യാറല്ലെന്നും റഷ്യ ആവര്‍ത്തിച്ചിട്ടുണ്ട്.

റഷ്യയുടെ ഉള്ളറകളിലുള്ള എണ്ണ സംസ്‌കരണ കേന്ദ്രങ്ങള്‍ക്കുനേരെ യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങളെച്ചൊല്ലി കീവുമായി വാഷിംഗ്ടണിനുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ ചര്‍ച്ചകള്‍. ആഗോള ഇന്ധനവില നിയന്ത്രിക്കുന്നതിനായി റഷ്യന്‍ ഡീസല്‍ വിതരണം സുഗമമാക്കാന്‍ ഇത്തരം ആക്രമണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ട്രംപ് യുക്രെയ്‌നോട് ആവശ്യപ്പെട്ടിരുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉപയോഗിക്കുന്ന സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനത്തിന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും സെലന്‍സ്‌കി ആരോപിച്ചിരുന്നു. യുക്രെയ്‌ന് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സമയമായെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ട്രംപ് പ്രതികരിച്ചിരുന്നു.

യുദ്ധസാഹചര്യത്തില്‍ രാജ്യത്ത് പട്ടാളനിയമം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ സമാധാന കരാറിലെത്തിയാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി നേരത്തേ വ്യക്തമാക്കിയിരുന്നു. നേറ്റോ അംഗത്വം ലഭിക്കുന്നതിന് പകരമായി പ്രസിഡന്റ് പദവി ഒഴിയാനും തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.