ഷെയ്ഖ് ഹസീനയുടെ മടക്കം: നിയമനടപടികൾ പൂർത്തിയാക്കിയെന്ന് ബംഗ്ലാദേശ്; ഇനി തീരുമാനം ഇന്ത്യയുടേത്

ഷെയ്ഖ് ഹസീനയുടെ മടക്കം: നിയമനടപടികൾ പൂർത്തിയാക്കിയെന്ന് ബംഗ്ലാദേശ്; ഇനി തീരുമാനം ഇന്ത്യയുടേത്


ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നിയമപരമായ നടപടികളെല്ലാം പൂർത്തിയാക്കിയതായി ബംഗ്ലാദേശ് നിയമമന്ത്രി അസദുസ്സമാൻ അറിയിച്ചു. ഇനി ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കണമെന്നത് ഇന്ത്യയുടെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രിയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിന് ഇന്ത്യ രണ്ട് നിബന്ധനകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ധാക്കയിലെ ബംഗ്ലാദേശ്- ചൈന ഫ്രണ്ട്ഷിപ്പ് കോൺഫറൻസ് സെന്ററിൽ ശനിയാഴ്ച നടന്ന പരിപാടിക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള കൈമാറ്റ ഉടമ്പടി പ്രകാരം ഹസീനയെ ഇന്ത്യക്ക് ബംഗ്ലാദേശിലേക്ക് കൈമാറാനാകും. ഇത് നിയമപരമായ നടപടിക്രമമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹസീനയ്ക്ക് നിയമപരമായി തിരിച്ചെത്താനുള്ള അവസരം നൽകുമോയെന്ന ചോദ്യത്തിന്, കൈമാറ്റ നടപടികൾ തന്നെ നിയമപരമായിരിക്കുമെന്ന് അദ്ദേഹം മറുപടി നൽകി.
ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിനുള്ള സാധ്യതകൾ ഇന്ത്യ പരിശോധിച്ചുവരികയാണെന്നും എന്നാൽ രണ്ട് നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും പുറത്തുവന്ന ബി ബി സി ബംഗ്ലാ റിപ്പോർട്ടിൽ പറയുന്നു. ഹസീനയെ ധാക്കയിലെത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം ബംഗ്ലാദേശ് സൈന്യം ഏറ്റെടുക്കണമെന്നാണ് ആദ്യ നിബന്ധന. സൈനിക വിമാനത്തിൽ ന്യൂഡൽഹിയിൽനിന്ന് ധാക്കയിലേക്ക് കൊണ്ടുപോകുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. 2024 ഓഗസ്റ്റിൽ സൈനിക വിമാനത്തിലാണ് ഹസീന ബംഗ്ലാദേശ് വിട്ടതെന്ന കാര്യവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തിരിച്ചെത്തിയശേഷം ഹസീന നേരിടേണ്ട നിയമനടപടികളാണ് രണ്ടാമത്തെ നിബന്ധനയായി റിപ്പോർട്ടിൽ പറയുന്നത്. വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ അവസരം ഉറപ്പാക്കണമെന്നും 2024 ജൂലൈയിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട അടിച്ചമർത്തൽ നടപടികളിലെ വിചാരണ പുനരാരംഭിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ ഇക്കാര്യങ്ങളിൽ ഇന്ത്യയോ ബംഗ്ലാദേശോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളിനോട് വെള്ളിയാഴ്ച ഈ നിബന്ധനകളെക്കുറിച്ച് ചോദിച്ചപ്പോൾ അവ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ അദ്ദേഹം തയ്യാറായില്ല. വിവിധ സാധ്യതകളെക്കുറിച്ചാണ് ചോദിക്കുന്നതെന്നും അതിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1973ലെ നിയമത്തിലെ 47(3) വകുപ്പ് പരാമർശിച്ച അസദുസ്സമാൻ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവർക്ക് മൗലികാവകാശങ്ങൾ ഉന്നയിക്കാനാകില്ലെന്ന് പറഞ്ഞു. ഹസീനയെ മറ്റേതെങ്കിലും രാജ്യത്തേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ചർച്ച നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകേണ്ടത് ഇന്ത്യൻ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
2024 ഓഗസ്റ്റിൽ രാജ്യം വിട്ടശേഷം ഇന്ത്യയിൽ കഴിയുന്ന ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. 2024 ജൂലൈയിലെ ജനകീയ പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട മനുഷ്യരാശിക്കെതിരായ കുറ്റകൃത്യക്കേസിലാണ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. ഇന്ത്യ ഇതുവരെ കൈമാറ്റ അഭ്യർഥനയിൽ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല.
എന്തു വിലകൊടുത്തും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്താനാണ് ആഗ്രഹമെന്ന് ഹസീന നേരത്തേ വ്യക്തമാക്കിയിരുന്നു. ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി ഹസീന അപേക്ഷ നൽകിയതായി അടുത്തിടെ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.