ഹോർമൂസ് കടലിടുക്കിൽ 20 ലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിലുമായി സഞ്ചരിച്ച സൂപ്പർ ടാങ്കർ കപ്പൽ മുങ്ങിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. അനുമതിയില്ലാത്ത കടൽപ്പാതയിലൂടെ സഞ്ചരിച്ച രണ്ട് എണ്ണക്കപ്പലുകൾ നാവിക മൈനുകളിൽ തട്ടി തകരുകയും അതിലൊന്നായ സൂപ്പർ ടാങ്കർ പേർഷ്യൻ ഗൾഫിന്റെ തെക്കൻ മേഖലയിൽ മുങ്ങുകയുമായിരുന്നെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.
റഡാറും പൊസിഷനിംഗ് സംവിധാനങ്ങളും ഓഫ് ചെയ്ത്, യുഎസ് സൈന്യത്തിന്റെ സഹായത്തോടെ അനധികൃത പാതയിലൂടെ രഹസ്യമായി കടന്നുപോകാൻ ശ്രമിച്ച കപ്പലുകളാണ് മൈനുകളിൽ തട്ടിയത്. സ്ഫോടനത്തെ തുടർന്ന് എഞ്ചിൻ റൂമിലുണ്ടായ വൻ തീപിടിത്തമാണ് കപ്പൽ മുങ്ങാൻ കാരണമായത്. കപ്പലിന്റെ പേരോ മറ്റ് വിവരങ്ങളോ ഇറാൻ പുറത്തുവിട്ടിട്ടില്ല. ഈ സംഭവത്തെക്കുറിച്ച് സ്വതന്ത്രമായ സ്ഥിരീകരണങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ, ഇന്ത്യൻ ഷിപ്പിങ് അധികാരികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹോർമൂസ് മേഖലയിൽ ഒരു എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് വിവരം
നാവിഗേഷൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിക്കൊണ്ട് അനധികൃത പാതയിലൂടെ കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മൈൻ ആക്രമണമുണ്ടായത് എന്നാണ് റെവല്യൂഷണറി ഗാർഡിനെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൂപ്പർ ടാങ്കറിന് പുറമേ മറ്റൊരു കപ്പലും ആക്രമണത്തിനിരയായിട്ടുണ്ട്. കപ്പലിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്ന ഇറാനുമായുള്ള ധാരണ ലംഘിച്ച് മേഖലയിൽ പ്രവേശിക്കുന്ന എല്ലാ കപ്പലുകൾക്കും സമാനമായ വിധി നേരിടേണ്ടിവരുമെന്നാണ് റെവല്യൂഷണറി ഗാർഡിന്റെ മുന്നറിയിപ്പ്.
20 ലക്ഷം ബാരൽ എണ്ണയുമായി കപ്പൽ മുങ്ങിയത് കടലിൽ വലിയ തോതിലുള്ള ഇന്ധനച്ചോർച്ചയ്ക്കും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുമെന്ന വലിയ ആശങ്ക പരത്തുന്നുണ്ട്. എന്നാൽ ചോർച്ചയുടെ വ്യാപ്തി ഇതുവരെ വ്യക്തമായിട്ടില്ല. മിഡിൽ ഈസ്റ്റിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തങ്ങൾ അനുവദിച്ച പാതയിലൂടെയല്ലാതെ പോകുന്ന കപ്പലുകളെ ഇറാൻ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മേഖലയിൽ നിരവധി കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഹോർമൂസിൽ സൂപ്പർ ടാങ്കർ ആക്രമിക്കപ്പെട്ടു; 20 ലക്ഷം ബാരൽ എണ്ണയുമായി കപ്പൽ മുങ്ങി; കടുത്ത ആശങ്കയിൽ ലോക വിപണി
