ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ച സജീവമായി തുടരുമെന്ന് സെര്‍ജിയോ ഗോര്‍

ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ച സജീവമായി തുടരുമെന്ന് സെര്‍ജിയോ ഗോര്‍


ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ സജീവമായി തുടരുകയാണെന്നും ഇരു രാജ്യങ്ങളുടെയും പ്രതിനിധികളുടെ അടുത്ത കൂടിക്കാഴ്ച നടക്കുമെന്നും അമേരിക്കയുടെ പുതുതായി നിയമിതനായ അംബാസഡര്‍ സെര്‍ജിയോ ഗോര്‍ അറിയിച്ചു.

യു എസ് എംബസിയുടെ ചുമതല ഏറ്റെടുക്കുന്നതിനിടെ ഉദ്യോഗസ്ഥരോടും മാധ്യമ പ്രവര്‍ത്തകരോടും സംസാരിക്കവെ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് 'തന്റെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ആശംസകള്‍ അറിയിച്ചതായി' ഗോര്‍ പറഞ്ഞു.

'ട്രംപും പ്രധാനമന്ത്രി മോഡിയും തമ്മിലുള്ള സൗഹൃദം യഥാര്‍ഥമാണ്. യു എസും ഇന്ത്യയും പങ്കുവയ്ക്കുന്ന താത്പര്യങ്ങള്‍ക്കപ്പുറം ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ ഉറച്ച ബന്ധമാണ് ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നത്. യഥാര്‍ഥ സുഹൃത്തുക്കള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം, എന്നാല്‍ അവസാനം അവ പരിഹരിക്കും,' ഗോര്‍ വ്യക്തമാക്കി.

ഇന്ത്യ- യു എസ് ബന്ധങ്ങളില്‍ വ്യാപാരം വളരെ പ്രധാനപ്പെട്ടതാണെങ്കിലും സുരക്ഷ, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഊര്‍ജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മറ്റു നിര്‍ണായക മേഖലകളിലും ഇരു രാജ്യങ്ങളും അടുത്ത് സഹകരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

താരിഫുകളും വിപണി പ്രവേശനവുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും സ്ഥിരമായി ആശയവിനിമയം നടത്തുന്നതായി ഗോര്‍ ഊന്നിപ്പറഞ്ഞു.

അടുത്ത മാസം 'പാക്സ്സിലിക്ക' എന്ന പുതിയ ആഗോള സംരംഭത്തില്‍ ഇന്ത്യയെ പൂര്‍ണ അംഗമായി ക്ഷണിക്കുമെന്നും ഗോര്‍ പ്രഖ്യാപിച്ചു. നിര്‍ണായക ഖനിജങ്ങളും ഊര്‍ജസ്രോതസുകളും മുതല്‍ അത്യാധുനിക നിര്‍മ്മാണം, സെമികണ്ടക്ടറുകള്‍, നിര്‍മിത ബുദ്ധി വികസനം, ലോജിസ്റ്റിക്‌സ് എന്നിവ ഉള്‍ക്കൊള്ളുന്ന സിലിക്കണ്‍ സപ്ലൈ ചെയിന്‍ നിര്‍മ്മിക്കാനായി യു എസ് കഴിഞ്ഞ മാസം ആരംഭിച്ച പദ്ധതിയാണിത്. ജപ്പാന്‍, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം, ഇസ്രായേല്‍ എന്നിവ ഇതിനകം അംഗങ്ങളായതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അംഗത്വം ഈ കൂട്ടായ്മയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഗോര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ- യു എസ് വ്യാപാര ചര്‍ച്ചകള്‍ നിശ്ചലമായതായി പ്രധാനമന്ത്രി മോഡി പ്രസിഡന്റ് ട്രംപിനെ 'വിളിച്ചില്ല' എന്ന പരാമര്‍ശം നടത്തി യു എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്ട്‌നിക് സൃഷ്ടിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് ഗോറിന്റെ പ്രസ്താവന ഏറെവരെ വ്യക്തത വരുത്തുന്നതായാണ് വിലയിരുത്തല്‍.

ലുട്ട്‌നിക്കിന്റെ പരാമര്‍ശം വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. 

പരസ്പരം പൂരകമായ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മില്‍ പരസ്പര ലാഭകരമായ ഒരു വ്യാപാര കരാറില്‍ ഇന്ത്യയ്ക്ക് താത്പര്യമുണ്ടെന്നും അതിന് അന്തിമരൂപം നല്‍കാന്‍ ഇന്ത്യ കാത്തിരിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാല്‍ പറഞ്ഞു.

പ്രധാനമന്ത്രി മോഡിയില്‍ നിന്ന് ട്രംപിന് ഫോണ്‍ വിളി ലഭിക്കാത്തതിനാല്‍ വ്യാപാര കരാര്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ വാഷിംഗ്ടണ്‍ മറ്റ് കരാറുകളുമായി മുന്നോട്ട് പോയെന്നും ലുട്ട്‌നിക് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി 2023 ഫെബ്രുവരി 13 മുതല്‍ തന്നെ ഇന്ത്യയും യു എസും ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ക്ക് പ്രതിബദ്ധരാണെന്നും അതിനുശേഷം സമതുലിതവും പരസ്പര ഗുണകരവുമായ കരാറിലെത്താന്‍ നിരവധി ഘട്ടങ്ങളിലായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ജയ്സ്വാല്‍ വ്യക്തമാക്കി.