തന്റെ പാര്‍ട്ടിക്കും സര്‍ക്കാറിനും തീരുമാനങ്ങളെടുക്കാന്‍ അവകാശമുണ്ടെന്ന് ശശി തരൂര്‍ എം പി

തന്റെ പാര്‍ട്ടിക്കും സര്‍ക്കാറിനും തീരുമാനങ്ങളെടുക്കാന്‍ അവകാശമുണ്ടെന്ന് ശശി തരൂര്‍ എം പി


ന്യൂഡല്‍ഹി: ഭീകരതയെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ വിദേശ ആശയവിനിമയ പ്രതിനിധി സംഘത്തിനുള്ള പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ കോണ്‍ഗ്രസിന് സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ പൂര്‍ണ്ണ അവകാശമുണ്ടെന്ന് ലോക്‌സഭാ എം പി ശശി തരൂര്‍ പറഞ്ഞു.

പാര്‍ട്ടി ഒഴിവാക്കിയിട്ടും സര്‍ക്കാര്‍ തന്നെ ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച തരൂര്‍, ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ആരാണ് ഉചിതമെന്ന് സര്‍ക്കാരാണ് വ്യക്തമാക്കിയതെന്നും പാര്‍ട്ടി രാഷ്ട്രീയമല്ല ദേശീയ കടമയുടെ കാര്യമായിട്ടാണ് തന്റെ പങ്കാളിത്തം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്ക് അഭിപ്രായം അറിയിക്കാന്‍ പൂര്‍ണ്ണമായും അര്‍ഹതയുണ്ട്. ഇത് ഒരു സര്‍ക്കാര്‍ പ്രതിനിധി സംഘമായതിനാല്‍ ആരൊക്കെയാണ് ഉചിതമെന്ന് സര്‍ക്കാരിന് സ്വന്തം അഭിപ്രായമുണ്ടായിരുന്നു. സര്‍ക്കാരും തന്റെ പാര്‍ട്ടിയും തമ്മിലുള്ള കൂടുതല്‍ ബന്ധങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും അക്കാര്യം  ബന്ധപ്പെട്ടവരോട് ചോദിക്കണമെന്നും ശശി തരൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ തന്നോട് ചോദിച്ചുവെന്നും മാത്രമല്ല, അന്താരാഷ്ട്ര കാര്യങ്ങളില്‍ വര്‍ഷങ്ങളായി തനിക്ക് ലഭിച്ച വ്യക്തിപരമായ അനുഭവത്തെക്കുറിച്ചും ആ അനുഭവവും തനിക്ക് ഉണ്ടായിരിക്കാവുന്ന അറിവും ഈ സമയത്ത് രാഷ്ട്രസേവനത്തിനായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി സംസാരിച്ചതിനാലുമാണ് താന്‍ സമ്മതം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് തന്റെ സേവനം എപ്പോഴും ലഭ്യമാണെന്നും രാഷ്ട്രത്തിന് തന്നെ ആവശ്യമുള്ളപ്പോള്‍ മുന്നോട്ട് പോകാന്‍ ഒരിക്കലും മടിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു. അത്തരം നിമിഷങ്ങള്‍ രാഷ്ട്രീയത്തിനപ്പുറം ഐക്യം ആവശ്യപ്പെടുന്നതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

തന്റെ അഭിപ്രായത്തില്‍ ഇതിന് പാര്‍ട്ടി രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും നമ്മുടെ രാജ്യം സമീപകാലത്ത് കടന്നുപോയ കാര്യങ്ങളുമായും ഒരു ഐക്യമുന്നണി അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകതയുമായും ഇതെല്ലാം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. 

2008-ലെ ഭീകരാക്രമണത്തിനുശേഷം അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സമാനമായ ഒരു പ്രതിനിധി സംഘത്തെ രൂപീകരിക്കുകയും ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് അയക്കുകയും ചെയ്തതായും പ്രതിസന്ധി ഘട്ടങ്ങളില്‍ ദേശീയ ഐക്യത്തിന്റെ പ്രതിഫലനമാണിതെന്നും തരൂര്‍ അനുസ്മരിച്ചു.