യു എസിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് യു എസ് എംബസിയുടെ മുന്നറിയിപ്പ്

യു എസിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് യു എസ് എംബസിയുടെ മുന്നറിയിപ്പ്


വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വന്‍തോതില്‍ നടപടി ആരംഭിച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ യു എസ് എംബസി അമേരിക്കയില്‍ കാലാവധി കഴിഞ്ഞും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍ക. 

ഇന്ത്യയിലെ യു എസ് എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ കാലാവധി കഴിഞ്ഞിട്ടും യു എസില്‍ തുടരുകയാണെങ്കില്‍ അവരെ നാടുകടത്തുകയോ ശാശ്വതമായി വിലക്കുകയോ ചെയ്യുമെന്ന് പറയുന്നു. 

ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിനുശേഷം കുടിയേറ്റവുമായി ബന്ധപ്പെട്ട് നിരവധി നയ മാറ്റങ്ങള്‍ പ്രഖ്യാപിക്കുകയും നിയമവിരുദ്ധ കുടിയേറ്റത്തില്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

സ്വമേധയാ യു എസ് വിടുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് പണവും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്യുന്ന 'സ്വയം നാടുകടത്തല്‍' പരിപാടി ആരംഭിക്കുമെന്ന് യു എസ് പ്രസിഡന്റ് പറഞ്ഞിരുന്നു. 

ഈ വര്‍ഷം ആദ്യം അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടികളുടെ ഭാഗമായി ട്രംപ് ഭരണകൂടം നാല് ബാച്ച് ഇന്ത്യക്കാരെയാണ് നാടുകടത്തിയത്.

മറ്റ് രാജ്യങ്ങളില്‍ നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്ക് 'അവിടെ താമസിക്കാന്‍ നിയമപരമായ അവകാശമില്ല' എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യു എസ് സന്ദര്‍ശന വേളയില്‍ പറഞ്ഞതിന് ശേഷമാണ് ഇത്തരത്തില്‍ സംഭവിച്ചത്. നിയമവിരുദ്ധമായി അമേരിക്കയില്‍ താമസിക്കുന്ന പൗരന്മാരെ തിരികെ സ്വീകരിക്കാന്‍ തന്റെ രാജ്യം തയ്യാറാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.