ന്യൂഡല്‍ഹി: ബംഗ്ലാദേശിന്റെ നിര്‍ണായക കയറ്റുമതിയായ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പ്രവേശനം രണ്ട് തുറമുഖങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തി ഇന്ത്യ പുതിയ വ്യാപാര നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൊല്‍ക്കത്ത, മുംബൈയിലെ നവ ഷേവ എന്നിവിടങ്ങളില്‍ മാത്രമേ ഇനി ബംഗ്ലാദേശ് വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുകയുള്ളു.
പ്രതിവര്‍ഷം 700 മില്യണ്‍ ഡോളറിലധികം വിലവരുന്ന ഈ ഇറക്കുമതികള്‍ക്ക് നേരത്തെ ഉപയോഗപ്പെടുത്തിയിരുന്ന തുറമുഖങ്ങളിലൊന്നും ഇനി പ്രവേശനമുണ്ടാകില്ല. ഇത് വ്യാപാര നയത്തിലെ ഗണ്യമായ മാറ്റമാണ് സൂചിപ്പിക്കുന്നത്.
ഏപ്രില്‍ 13 മുതല്‍ കര തുറമുഖങ്ങള്‍ വഴി ഇന്ത്യന്‍ നൂല് കയറ്റുമതിക്ക് യൂനുസ് സര്‍ക്കാര്‍ തുറമുഖ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തുറമുഖങ്ങള്‍ വഴി മാത്രമേ ഇന്ത്യന്‍ നൂല് കയറ്റുമതി അനുവദിച്ചിക്കുന്നുള്ളൂ എന്നതിനാല്‍ ബംഗ്ലാദേശിന്റെ നടപടികളോടുള്ള പ്രതികരണമായാണ് ഇന്ത്യയും നടപടി സ്വീകരിച്ചത്. ഇന്ത്യന്‍ കയറ്റുമതി പ്രവേശന സമയത്ത് കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഏപ്രില്‍ 15 മുതല്‍ ഹിലി, ബെനാപോള്‍ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റുകള്‍ വഴി ഇന്ത്യന്‍ അരി കയറ്റുമതി അനുവദനീയമല്ല.
ഇന്ത്യയുടെ തീരുമാനം രാജ്യത്തിന്റെ ആഭ്യന്തര വസ്ത്ര വ്യവസായത്തെ ശക്തിപ്പെടുത്തുമെങ്കിലും മൊത്തം കയറ്റുമതിയുടെ പ്രധാന ഭാഗവും ബംഗ്ലാദേശ് സമ്പദ്വ്യവസ്ഥയുടെ മൂലക്കല്ലുമായ ബംഗ്ലാദേശി റെഡിമെയ്ഡ് വസ്ത്ര മേഖലയെ ഞെരുക്കും. ബംഗ്ലാദേശ് കയറ്റുമതിക്കാര്‍ക്ക് വര്‍ധിച്ച ചെലവുകളും ചരക്കു കടത്ത് വെല്ലുവിളികളും നേരിടേണ്ടിവരും. ഇന്ത്യയിലെ നിയുക്ത തുറമുഖങ്ങളിലേക്ക് ചിറ്റഗോംഗ് തുറമുഖം വഴിയാണ് കയറ്റുമതി ചെയ്യാനാവുക.
കഴിഞ്ഞ വര്‍ഷം ഇടക്കാല യൂനുസ് സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഇന്ത്യ- ബംഗ്ലാദേശ് ബന്ധങ്ങള്‍ വഷളായിരുന്നു. യൂനുസ് സര്‍ക്കാര്‍ പ്രധാനമായും ഇന്ത്യാ വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യക്കു പകരം ഇസ്ലാമാബാദിനേയും ബീജിംഗിനേയുമാണ് അവര്‍ ആശ്രയിച്ചത്. ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിനുശേഷം വന്ന ധാക്കയിലെ ഭരണകൂടം നിരവധി ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്.
ബംഗ്ലാദേശ് നിയന്ത്രണങ്ങള്‍ക്ക് മറുപടിയായി വ്യാപാരം കൂടുതല്‍ കര്‍ശനമാക്കിയ ഇന്ത്യ ലാന്‍ഡ് കസ്റ്റംസ് സ്റ്റേഷനുകളിലെ (എല്‍ സി എസ്) ബംഗ്ലാദേശി കയറ്റുമതിയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ഐ സി പികളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശികള്‍ വ്യത്യസ്ത വഴികളിലൂടെ എത്തുന്നത് തടയാന്‍ എല്‍ സി എസ് ചങ്ഗ്രബന്ദ, ഫുള്‍ബാരി എന്നിവിടങ്ങളിലും നിയന്ത്രണങ്ങള്‍ ബാധകമാണ്.
പരസ്പര സഹകരണമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വേണ്ടതെന്ന് ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന് പ്രതികരിച്ചു.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലാദേശിന് അനിയന്ത്രിതമായ പ്രവേശനം ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഗതാഗത ഫീസായി കിലോമീറ്ററിന് 1.8 ടാക്ക ചുമത്തുകയും അവശ്യമല്ലാത്ത വടക്കുകിഴക്കന്‍ കയറ്റുമതി നിയന്ത്രിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥന് ചൂണ്ടിക്കാട്ടി.
പുതിയ നടപടികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക ഇന്ത്യന്‍ ഉത്പാദകര്‍ക്ക് അവരുടെ സ്വന്തം കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന വേദി കൂടിയായി ഇത് മാറും. എന്നാല്‍ ഇതിനര്‍ഥം ബംഗ്ലാദേശി ഉത്പന്നങ്ങള്‍ക്ക് സിലിഗുരി ഇടനാഴി അല്ലെങ്കില്‍ ചിക്കന്‍സ് നെക്ക് വഴി മാത്രമേ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയൂ എന്നാണ്.
ഈ പ്രഖ്യാപനങ്ങള്‍ക്ക് മുമ്പ് എല്ലാ ലാന്‍ഡ് കസ്റ്റംസ് സ്റ്റേഷനുകള്‍, സംയോജിത ചെക്ക് പോസ്റ്റുകള്‍, തുറമുഖങ്ങള്‍ എന്നിവയിലൂടെ അനാവശ്യ നിയന്ത്രണങ്ങളില്ലാതെ ബംഗ്ലാദേശ് സാധനങ്ങള്‍ ഇന്ത്യയിലേക്ക് വരാന്‍ ഇന്ത്യ അനുവദിച്ചിരുന്നു. 'ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ തയ്യാറാണെന്നും എന്നാല്‍ വിദ്വേഷമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ബംഗ്ലാദേശിന്റെ ഉത്തരവാദിത്തമാണെന്നും ഉദ്യോഗസ്ഥന് ചൂണ്ടിക്കാട്ടി.
പുതിയ നിര്‍ദ്ദേശ പ്രകാരം മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ബംഗ്ലാദേശിന്റെ സ്വതന്ത്ര പ്രവേശനം അവസാനിക്കും.