ന്യൂഡല്‍ഹി: വോട്ടര്‍പട്ടികകളുടെ പ്രത്യേക തീവ്രപരിഷ്‌കരണം (എസ് ഐ ആര്‍) സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച് ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രിയനെയും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ജന്‍പഥിന് സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിപക്ഷ എം പിമാരുടെ യോഗത്തിന് പിന്നാലെയായിരുന്നു മാര്‍ച്ച്. യോഗത്തിനുശേഷം ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള പ്രതിപക്ഷ എം പിമാര്‍ ബസുകളില്‍ ജന്തര്‍ മന്തറിലേക്ക് പുറപ്പെട്ടു. പ്രതിഷേധത്തിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലമാണ് ജന്തര്‍ മന്തര്‍.
എസ് ഐ ആര്‍ വിഷയത്തില്‍ അടിയന്തരമായി കൂടിക്കാഴ്ച അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കുന്നതും പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ച ചെയ്തു.
മുമ്പ് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരുന്ന സ്ഥലത്ത് പ്രതിഷേധിക്കാന്‍ അനുമതിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ജന്തര്‍ മന്തറിലേക്ക് പ്രതിഷേധം മാറ്റിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
'ഇന്നലെ അവിടെ പ്രതിഷേധിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. അതിനാലാണ് പ്രതിഷേധം ജന്തര്‍ മന്തറിലേക്ക് മാറ്റുന്നത്. ഗ്യാനേഷ് കുമാര്‍ രാജിവയ്‌ക്കേണ്ടിവരും. എനിക്കെതിരെ 100 എഫ്ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഓരോ എഫ് ഐ ആറും ഒരു മെഡലാണ്-' രാഹുല്‍ ഗാന്ധി പറഞ്ഞു.
ജന്തര്‍ മന്തറിലും കനത്ത സുരക്ഷ
പ്രതിപക്ഷ മാര്‍ച്ച് തുടരുന്നതിനിടെ നിര്‍വാചന്‍ സദന് സമീപവും ജന്തര്‍ മന്തറിലും സുരക്ഷ ശക്തമാക്കി. വന്‍ പൊലീസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചത്.
ജന്തര്‍ മന്തറില്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി എന്‍ എസ് എസ്) 163-ാം വകുപ്പ് നിലവിലുണ്ടെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ പ്രതിഷേധമോ മാര്‍ച്ചോ നടത്താന്‍ അനുവദിക്കില്ലെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സച്ചിന്‍ ശര്‍മ അറിയിച്ചു.
പിന്തുണക്കാരോടൊപ്പം എത്തുന്ന എം പിമാരോട് പൊലീസ് മാന്യമായും പ്രോട്ടോക്കോള്‍ പാലിച്ചും പെരുമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലം സ്വമേധയാ ഒഴിയണമെന്ന് എം പിമാരോട് ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ചത്തെ പ്രതിഷേധത്തിന് പിന്നാലെ എഫ്ഐ ആര്‍
ചൊവ്വാഴ്ച ആകാശവാണി ഭവന് മുന്നില്‍ മണിക്കൂറുകളോളം നടന്ന പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യ നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ബുധനാഴ്ചത്തെ പ്രതിഷേധം.
എസ് ഐ ആര്‍ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പൊലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള നേതാക്കള്‍ ആകാശവാണി ഭവന്‍ പരിസരത്ത് പ്രതിഷേധം തുടരുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ചത്തെ പ്രതിഷേധത്തിനിടെ അനുമതിയില്ലാതെ ആകാശവാണി ഭവന്‍ പരിസരത്ത് പ്രവേശിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അവരുടെ അനുയായികള്‍, മറ്റ് എം പിമാര്‍ എന്നിവര്‍ക്കെതിരെയും ഡല്‍ഹി പൊലീസ് ബുധനാഴ്ച എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
വോട്ടര്‍ പട്ടികയുടെ എസ് ഐ ആര്‍ നടപടിയില്‍ ക്രമക്കേടുകള്‍ നടന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷ ഇന്ത്യ സഖ്യവും മറ്റ് സംഘടനകളും പ്രതിഷേധം തുടരുന്നത്. വോട്ടര്‍പട്ടികയില്‍ കൃത്രിമം നടന്നുവെന്ന ആരോപണങ്ങളും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി അടിയന്തര കൂടിക്കാഴ്ചയും ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. വോട്ടര്‍പട്ടിക പരിഷ്‌ക്കരണ നടപടികളുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങളില്‍ മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
