ലേക്ക് ചാൾസ് (ലൂസിയാന): അമേരിക്കയിലെ ലൂസിയാനയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം അഞ്ചലിന് സമീപം അഗസ്ത്യക്കോട് നെടുമ്പന സ്വദേശിയായ ഹരികൃഷ്ണൻ പിള്ള (27) ആണ് മരിച്ചത്. മക്‌നീസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയും സംരംഭകനുമായിരുന്നു.
ഒക്ടോബർ അഞ്ചിന് രാവിലെ ആറുമണിയോടെ അസെൻഷൻ പാരിഷിലെ ലൂസിയാന ഹൈവേ ഒന്നിൽ സ്റ്റുവർട്ട് റോഡിന് സമീപമായിരുന്നു അപകടം. തെക്കോട്ട് സഞ്ചരിച്ചിരുന്ന 2012 മോഡൽ ഫോർഡ് എഫ്150 വാഹനം നിയന്ത്രണംവിട്ട് സെന്റർ ലൈൻ കടന്ന് എതിർദിശയിൽ വന്ന ഹോണ്ട പൈലറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഹരികൃഷ്ണൻ പിള്ള ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഫോർഡ് വാഹനം ഓടിച്ചിരുന്ന അഡിസ് സ്വദേശിയായ ജെയിംസ് കാസിയോ (48)യെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്രദ്ധമായ ഡ്രൈവിങ്, അശ്രദ്ധമൂലമുള്ള മരണം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ പിന്നീട് ജയിലിലേക്ക് മാറ്റുമെന്ന് സ്റ്റേറ്റ് പൊലീസ് അറിയിച്ചു.
രാധാകൃഷ്ണൻ പിള്ളയുടെയും കവിത രാധാകൃഷ്ണന്റെയും ഏക മകനാണ് ഹരികൃഷ്ണൻ. മൃതദേഹം നാട്ടിലെത്തിച്ച് അന്ത്യകർമങ്ങൾ നടത്തുന്നതിനുള്ള നടപടികൾ കുടുംബം ആരംഭിച്ചു.
ലൂസിയാനയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
