വധശിക്ഷയെ അതിജീവിച്ച ക്രിസ്റ്റ പൈക്ക് ബോധം വീണ്ടെടുത്തു

വധശിക്ഷയെ അതിജീവിച്ച  ക്രിസ്റ്റ പൈക്ക് ബോധം വീണ്ടെടുത്തു


ആശുപത്രിയിൽ സംസാരിക്കാൻ തുടങ്ങി; വീണ്ടും വധശിക്ഷ നടപ്പാക്കുമോ എന്നതിൽ നിയമപോരാട്ടം

ടെന്നസി: മാരക മരുന്ന് കുത്തിവച്ച് വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ടെന്നസിയിലെ വധശിക്ഷാ തടവുകാരി ക്രിസ്റ്റ പൈക്ക് ബോധം വീണ്ടെടുത്ത് സംസാരിക്കാൻ തുടങ്ങി. വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം കഴിഞ്ഞ് ആറു ദിവസത്തിനുശേഷമാണ് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതെന്ന് അഭിഭാഷകർ അറിയിച്ചു. 50 വയസ്സുകാരിയായ പൈക്കിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണെന്നും പൂർണമായും സുഖം പ്രാപിക്കാൻ ഏറെ സമയമെടുക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

1995ൽ സഹപാഠിയായ കോളീൻ സ്ലെമ്മറെ മർദിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിലാണ് പൈക്കിന് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ സെപ്തംബർ 30ന് വധശിക്ഷ നടപ്പാക്കുന്നതിനിടെ പെന്റോബാർബിറ്റൽ എന്ന മാരക മരുന്നിന്റെ രണ്ട് ഡോസുകൾ നൽകിയെങ്കിലും മരണം സംഭവിച്ചില്ല. തുടർന്ന് അബോധാവസ്ഥയിലായ പൈക്കിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മരുന്ന് കുത്തിവച്ചതിനെ തുടർന്ന് കൈകളിൽ പൊള്ളലും കുമിളകളും ഉൾപ്പെടെ ഗുരുതരമായ പരിക്കുകൾ ഉണ്ടായതായി അഭിഭാഷകർ പറഞ്ഞു.

'എല്ലാ പ്രതീക്ഷകൾക്കും വിരുദ്ധമായി ക്രിസ്റ്റ ബോധം വീണ്ടെടുത്ത് സംസാരിക്കുന്നു. ഗുരുതരമായ പരിക്കുകൾക്കിടയിലും അവൾ ചികിത്സയിൽ തുടരുകയാണ്,' അഭിഭാഷകർ പ്രസ്താവനയിൽ പറഞ്ഞു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന പൈക്കിന്റെ ആരോഗ്യനിലയിൽ ഇനിയും ഗുരുതരമായ അപകടസാധ്യതകളുണ്ടെന്ന് അനസ്‌തേഷ്യോളജി വിദഗ്ധൻ ഡോ. ജോയൽ സിവോട്ട് പറഞ്ഞു. പൂർണമായ ആരോഗ്യവീണ്ടെടുപ്പിന് ആഴ്ചകളോ മാസങ്ങളോ വേണ്ടിവന്നേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പരാജയപ്പെട്ട വധശിക്ഷാ നടപടിയെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൈക്കിന്റെ അഭിഭാഷകർ കോടതിയെ സമീപിച്ചു. സെപ്തംബർ 30ന് ഉപയോഗിച്ച മരുന്നുകളുടെ ബാച്ച് നമ്പറുകൾ, മെഡിക്കൽ രേഖകൾ, വധശിക്ഷാ നടപടിയുമായി ബന്ധപ്പെട്ട മറ്റ് തെളിവുകൾ എന്നിവ സംരക്ഷിക്കാൻ ടെന്നസി ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷനോട് നിർദേശിക്കണമെന്നാണ് ആവശ്യം. കേസിൽ ബുധനാഴ്ച കോടതി സ്റ്റാറ്റസ് കോൺഫറൻസ് നടത്തും.

പൈക്കിന്റെ ശിക്ഷ ജീവപര്യന്തം തടവായി മാറ്റണമെന്ന് അഭിഭാഷകർ ടെന്നസി ഗവർണർ ബിൽ ലീയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് വധശിക്ഷാ നടപടികൾ താൽക്കാലികമായി നിർത്തിവച്ച ഗവർണർ, സംഭവിച്ചത് എന്താണെന്ന് കണ്ടെത്താൻ സ്വതന്ത്ര ഏജൻസിയുടെ സമഗ്ര പരിശോധനയ്ക്കും ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, പൈക്കിനെ വീണ്ടും വധശിക്ഷയ്ക്ക് വിധേയയാക്കാൻ സംസ്ഥാനത്തിന് കഴിയുമോ എന്നത് വലിയ നിയമപ്രശ്‌നമായി മാറിയിരിക്കുകയാണ്. വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായിട്ടും പ്രതി മരിക്കാതിരുന്ന സാഹചര്യം അമേരിക്കൻ വധശിക്ഷാ ചരിത്രത്തിൽ അപൂർവമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വീണ്ടും വധശിക്ഷ നടപ്പാക്കുന്നത് ക്രൂരവും അസാധാരണവുമായ ശിക്ഷയ്‌ക്കെതിരായ ഭരണഘടനാ വ്യവസ്ഥ ലംഘിക്കാമെന്നും ഒരേ കുറ്റത്തിന് രണ്ടുതവണ ശിക്ഷിക്കുന്നതിനെതിരായ 'ഡബിൾ ജിയോപാർഡി' വ്യവസ്ഥ ഉയർത്തിക്കാട്ടാമെന്നും ഫോർഡം സർവകലാശാലയിലെ നിയമ പ്രൊഫസർ ഡെബോറ ഡെന്നോ അഭിപ്രായപ്പെട്ടു.

എന്നാൽ, വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതുകൊണ്ട് മാത്രം ശിക്ഷ വീണ്ടും നടപ്പാക്കുന്നത് അമേരിക്കൻ സുപ്രീം കോടതി തടയുമെന്നുറപ്പില്ലെന്ന് സിയാറ്റിൽ സർവകലാശാലയിലെ നിയമ പ്രൊഫസർ മൈക്കൽ റുസോ അഭിപ്രായപ്പെട്ടു. പൈക്കിന് സംഭവിച്ചതിന് സമാനമായ സാഹചര്യം അമേരിക്കയിലെ വധശിക്ഷാ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.