വാഷിങ്ടൺ: കാനഡയിലെ ടംബ്ലർ റിഡ്ജിൽ നടന്ന കൂട്ടവെടിവയ്പ്പുമായി ബന്ധപ്പെട്ട് 30കാരനായ യുഎസ് പൗരൻ അറസ്റ്റിൽ. വെടിവയ്പ്പ് നടത്തിയ ജെസ്സി വാൻ റൂട്ട്‌സെലാറിന് ആക്രമണത്തിന് മുന്നോടിയായി സാമ്പത്തിക സഹായവും തന്ത്രപരമായ നിർദേശങ്ങളും നൽകിയെന്ന ആരോപണത്തിലാണ് ജെയിംസ് കോഡി ബ്രയന്റിനെതിരെ കേസെടുത്തത്.
വിദേശരാജ്യത്ത് വ്യക്തികളെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് വാഷിങ്ടൺ സംസ്ഥാനത്തെ യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ ബ്രയന്റിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവ് വരെ ലഭിക്കാമെന്ന് യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു.
18കാരിയായ ജെസ്സി വാൻ റൂട്ട്‌സെലാർ ആദ്യം സ്വന്തം വീട്ടിൽ മാതാവിനെയും സഹോദരനെയും വെടിവച്ചുകൊലപ്പെടുത്തിയശേഷം ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിലെ ഒരു പ്രാഥമിക വിദ്യാലയത്തിൽ ആറ് പേരെ കൂടി വെടിവച്ചുകൊലപ്പെടുത്തിയെന്നാണ് അധികൃതരുടെ ആരോപണം. തുടർന്ന് പൊലീസ് സ്‌കൂളിൽ പ്രവേശിക്കുന്നതിനിടെ സ്വയം വെടിവച്ച് വാൻ റൂട്ട്‌സെലാർ മരിച്ചിരുന്നു.
2025 ഓഗസ്റ്റ് മുതൽ വാൻ റൂട്ട്‌സെലാറും ബ്രയന്റും ഡിസ്‌കോർഡ് വഴി ആശയവിനിമയം നടത്തിയിരുന്നതായി പ്രോസിക്യൂട്ടർമാർ പറയുന്നു. ഒന്നിലധികം പേരെ കൊലപ്പെടുത്താനുള്ള തന്റെ പദ്ധതിയെക്കുറിച്ച് വാൻ റൂട്ട്‌സെലാർ ബ്രയന്റിനോട് പറഞ്ഞിരുന്നതായും ആരോപണമുണ്ട്.
വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ സഹായിക്കാമെന്ന് ബ്രയന്റ് സമ്മതിച്ചതായും പ്രോസിക്യൂട്ടർമാർ ആരോപിച്ചു. ആക്രമണത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നിർദേശങ്ങളും ഉപയോഗിക്കേണ്ട തോക്കുകളെക്കുറിച്ചുള്ള ഉപദേശങ്ങളും ബ്രയന്റ് നൽകിയെന്നാണ് കേസ്. ആക്രമണവുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിനായി വാൻ റൂട്ട്‌സെലാറിന് പണം നൽകിയെന്നും അധികൃതർ ആരോപിക്കുന്നു.
വാൻ റൂട്ട്‌സെലാറിന്റെ ആക്രമണ പദ്ധതിയെക്കുറിച്ച് നിയമപാലകരെ അറിയിക്കാൻ ബ്രയന്റിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും അദ്ദേഹം അത് ചെയ്തില്ലെന്നും ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ നേരത്തെ ഓപ്പൺഎഐക്കെതിരെ യുഎസ് ഫെഡറൽ കോടതിയിൽ കേസ് നൽകിയിരുന്നു. വെടിവയ്പ്പിന് മുമ്പ് ചാറ്റ്ജിപിടിയുമായി ബന്ധപ്പെട്ട ആശങ്കാജനകമായ ഇടപെടലുകളെക്കുറിച്ച് അധികൃതരെ അറിയിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്നാണ് പ്രവിശ്യയുടെ ആരോപണം. സംഭവത്തിൽ നിയമപാലകരെ അറിയിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി അംഗീകരിച്ച ഓപ്പൺഎഐ നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു.
ടംബ്ലർ റിഡ്ജ് വെടിവയ്പ്പ്: അക്രമിക്ക് പണവും ആയുധ ഉപദേശവും നൽകിയെന്ന് ആരോപണം; യുഎസ് പൗരന് ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കും
