സ്റ്റോക്ക്‌ഹോം: തന്മാത്രകളിലെ അസമമിതത്വവുമായി ബന്ധപ്പെട്ട നിര്‍ണായക കണ്ടെത്തലുകള്‍ക്ക് ഫ്രാന്‍സിന്റെ ഹെന്റി ബി കാഗനും ജപ്പാന്റെ കെന്‍സോ സോയിക്കും 2026ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. അസമമിത ജൈവസംശ്ലേഷണത്തിലെ രേഖീയമല്ലാത്ത പ്രതിഭാസങ്ങളുടെയും സ്വയം ഉള്‍പ്രേരണയുടെയും കണ്ടെത്തല്‍ എന്ന ഗവേഷണത്തിനാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു.
ജീവജാലങ്ങളില്‍ കാണപ്പെടുന്ന ഹോമോകൈറാലിറ്റി എങ്ങനെ സ്വാഭാവികമായി രൂപപ്പെടുന്നു എന്നതിലേക്ക് നിര്‍ണായകമായ വെളിച്ചം വീശുന്നതാണ് ഇരുവരുടെയും കണ്ടെത്തല്‍. അമിനോ ആസിഡുകള്‍ ഉള്‍പ്പെടെ ചില തന്മാത്രകള്‍ പരസ്പരം കണ്ണാടിയിലെ പ്രതിബിംബങ്ങള്‍ പോലെയുള്ള രണ്ട് രൂപങ്ങളില്‍ നിലനില്‍ക്കും. എന്നാല്‍ ജീവജാലങ്ങളില്‍ സാധാരണയായി ഈ രണ്ട് രൂപങ്ങളില്‍ ഒന്ന് മാത്രമാണ് കാണപ്പെടുന്നത്.
വര്‍ഷങ്ങളോളം ഈ അസമമിതത്വം എങ്ങനെ രൂപപ്പെടുന്നു എന്നത് രസതന്ത്രജ്ഞര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു.
1986ല്‍ ഒരു രാസപ്രവര്‍ത്തനത്തെ നിയന്ത്രിച്ച് ഒരു കണ്ണാടി രൂപത്തിലുള്ള തന്മാത്രയുടെ അളവ് മറ്റേതിനേക്കാള്‍ കൂടുതലായി ഉത്പാദിപ്പിക്കാനുള്ള മാര്‍ഗം കണ്ടെത്തിയതോടെയാണ് കാഗന്‍ നിര്‍ണായക മുന്നേറ്റം നടത്തിയത്.
1995ല്‍ സോയ് സ്വയം ഹോമോകൈറല്‍ ആകാന്‍ സാധ്യതയുള്ള ഒരു രാസപ്രവര്‍ത്തനം രൂപകല്‍പ്പന ചെയ്തു. തുടര്‍ന്ന് 2003ല്‍ ഒരേയൊരു കണ്ണാടി രൂപത്തിലുള്ള തന്മാത്ര മാത്രം രൂപപ്പെടുന്ന രാസപ്രവര്‍ത്തനം വിജയകരമായി വികസിപ്പിച്ചു.
ഇരുവരുടെയും കണ്ടെത്തലുകള്‍ ഔഷധനിര്‍മാണ മേഖലയിലും നിര്‍ണായക പ്രാധാന്യം നേടിയിട്ടുണ്ട്. മരുന്നുകളുടെ തന്മാത്രാ ഘടനയിലെ ചെറിയ വ്യത്യാസങ്ങള്‍ പോലും അവയുടെ പ്രവര്‍ത്തനത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നതിനാല്‍, ഇത്തരം കണ്ടെത്തലുകള്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന് ഏറെ പ്രയോജനകരമാണ്.
