ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രതികളായ ജെ എന്‍ യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം, ഉമര്‍ ഖാലിദ് എന്നിവര്‍ക്ക് ജാമ്യം നല്‍കാത്തതില്‍ എതിര്‍പ്പ് അറിയിച്ച് സുപ്രിം കോടതി. കുറ്റം എത്ര വലുതായാലും വിചാരണ വൈകിപ്പിക്കുന്ന പക്ഷം തടവുകാരന് ജാമ്യം നല്‍കുകയെന്നത് സ്വാഭാവിക നീതിയാണെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന പറഞ്ഞു.
ഒരു വര്‍ഷത്തേക്ക് ജാമ്യാപേക്ഷ നല്‍കാന്‍ കഴിയില്ലെന്ന നിര്‍ദേശത്തെയും അദ്ദേഹം എതിര്‍ത്തു. 53 പേര്‍ കൊല്ലപ്പെടുകയും 700ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യു എ പി എ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
സയ്യിദ് ഇഫ്തിക്കര്‍ ആന്‍ഡ്രാബി എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ഉജ്ജല്‍ ഭുയനും അതൃപ്തി പ്രകടിപ്പിച്ചത്.
ലഹരിമരുന്ന് വിതരണം ചെയ്ത് ഭീകരര്‍ക്ക് ധനസഹായം നല്‍കിയെന്നാരോപിച്ച് യു എ പി എ നിയമ പ്രകാരം 6 വര്‍ഷത്തിലേറെയായി കസ്റ്റഡിയില്‍ കഴിയുകയാണ് ആന്‍ഡ്രാബി.
