ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ മധുര തിരുപ്പരങ്കുന്ദ്രം മലമുകളിലെ ദീപത്തൂണില്‍ ശനിയാഴ്ച കാര്‍ത്തിക ദീപം തെളിയിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. അരുള്‍മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റി ബോര്‍ഡിനെ സസ്പെന്‍ഡ് ചെയ്ത കോടതി മദ്രാസ് ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിമാരായ ജസ്റ്റിസ് എസ് വൈദ്യനാഥന്‍, ജസ്റ്റിസ് വി പാര്‍ഥിപന്‍ എന്നിവരെ ക്ഷേത്രഭരണത്തിന്റെ ചുമതലയുള്ള റിസീവര്‍മാരായി നിയമിച്ചു. ക്ഷേത്രത്തിന്റെയും തിരുപ്പരങ്കുന്ദ്രം മലയുടെയും സുരക്ഷാ ചുമതല കേന്ദ്ര റിസര്‍വ് പൊലീസ് സേനയ്ക്ക് (സിആര്‍പിഎഫ്) കൈമാറുകയും ചെയ്തു.
തമിഴ്നാട് ചീഫ് സെക്രട്ടറി, ഡിജിപി, മധുര ജില്ലാ പൊലീസ് മേധാവി (എസ്പി) എന്നിവര്‍ക്കും കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാണ് നിര്‍ദേശം.
ദീപം തെളിയിക്കുന്നതിനായി പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് തര്‍ക്കവിഷയമായ ദീപത്തൂണിന് സമീപം പ്രവേശനം നിഷേധിച്ചതിലൂടെ തമിഴ്നാട് സര്‍ക്കാര്‍ ഗുരുതരമായ കോടതിയലക്ഷ്യമാണ് നടത്തിയതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയുടെ നടപടി.
ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഭരണഘടനാപരമായ അരാജകത്വം സൃഷ്ടിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് തിരുത്താന്‍ കോടതി നടപടിയെടുക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
നവംബര്‍ 20ലെ ഉത്തരവനുസരിച്ച് കാര്‍ത്തിക പൗര്‍ണമി ദിനത്തില്‍ ദീപം തെളിയിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
എഎസ്‌ഐക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ദീപത്തൂണിന് സമീപം ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഉന്നത അധികാരികളില്‍നിന്ന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ക്ഷേത്രം ട്രസ്റ്റികള്‍ അറിയിച്ചതായി കോടതിയെ ധരിപ്പിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നിന് എഎസ്‌ഐ സംഘത്തെ പ്രാദേശിക പൊലീസ് ഒരു സ്ഥലത്ത് തടയുകയും ദീപത്തൂണിന് സമീപത്തേക്ക് പോകാന്‍ അനുവദിക്കാതിരിക്കുകയുമായിരുന്നുവെന്ന് തുഷാര്‍ മേത്ത പറഞ്ഞു.
തുടക്കംമുതല്‍ തമിഴ്നാട് സര്‍ക്കാര്‍ ദീപം തെളിയിക്കുന്നതിനെ എതിര്‍ത്തുവെന്നും സര്‍ക്കാരിന്റെ നടപടി ഗുരുതരമായ കോടതിയലക്ഷ്യവും ഭരണപരമായ ധാര്‍ഷ്ട്യവുമാണെന്നും അദ്ദേഹം ആരോപിച്ചു.
കോടതിയലക്ഷ്യക്കുറ്റം നേരിടുന്ന ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കുന്നതിന് മുമ്പ് ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. കോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന കാര്യം അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍, ഉദ്യോഗസ്ഥര്‍ ദീപം തെളിയിച്ച് കോടതിയലക്ഷ്യത്തില്‍നിന്ന് മുക്തരാകണമെന്നും അദ്ദേഹം വാദിച്ചു.
ക്ഷേത്രപരിസരത്തെ പൊലീസ് വിന്യാസത്തെയും തുഷാര്‍ മേത്ത ചോദ്യം ചെയ്തു. ക്ഷേത്രത്തിന്റെ മുഴുവന്‍ പരിസരവും പൊലീസ് നിയന്ത്രണത്തിലാക്കിയതിന്റെ ദൃശ്യങ്ങള്‍ ലഭ്യമാണെന്നും സ്വതന്ത്ര ഏജന്‍സിയെ സുരക്ഷാ ക്രമീകരണങ്ങള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രിംകോടതി നേരത്തെ നല്‍കിയ നിര്‍ദേശപ്രകാരം ദീപത്തൂണില്‍ ദീപം തെളിയിക്കുന്നതിന് പകരം ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തില്‍ ദീപം തെളിയിച്ചതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.
കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന പൊലീസ് പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് ക്ഷേത്രത്തിന്റെയും മലമുഴുവന്റെയും സുരക്ഷ സിആര്‍പിഎഫിന് കൈമാറിയത്. ക്ഷേത്രത്തിന്റെയും ദര്‍ഗയുടെയും പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായി മുന്നോട്ടുപോകുന്നുവെന്നും ഇരു വിഭാഗങ്ങളിലെയും വിശ്വാസികള്‍ക്ക് അവരവരുടെ മതപരമായ ആചാരങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നുവെന്നും ഉറപ്പാക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
