ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസില്‍ ഇന്ത്യയ്ക്ക് കൈമാറാമെന്ന യുഎസ് കോടതി ഉത്തരവിനെതിരെ യുഎസ് സുപ്രീംകോടതിയെ സമീപിച്ച് കേസിലെ പ്രതിയും പാക് വംശജനും കനേഡിയന്‍ വ്യവസായിയുമായ തഹാവൂര്‍ റാണ. തഹാവൂര്‍ റാണയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കീഴ്ക്കോടതികളിലും ഫെഡറല്‍ കോടതികളിലും പ്രതികൂല വിധി വന്നതോടെ ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചിരുന്നു. അവിടെയും തിരിച്ചടി നേരിട്ടതോടെയാണ് ഇപ്പോള്‍ യുഎസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവ് ശരിവച്ച് കൊണ്ടാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് അപ്പീല്‍ കോടതി വ്യക്തമാക്കിയത്. തഹാവൂര്‍ റാണയ്ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ പരിധിക്കുള്ളില്‍ വരുന്നതാണെന്ന് പാനല്‍ വ്യക്തമാക്കി. പാക് ഭീകരസംഘടനയ്ക്ക് റാണ സഹായം നല്‍കിയതിന് തെളിവുകള്‍ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. റാണ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ടെന്നും മിലന്‍ ഡി സ്മിത്ത്, ബ്രിഡ്ജറ്റ് ബേഡ്, സിഡ്നി ഫിറ്റ്സ്വാട്ടര്‍ എന്നിവരടങ്ങിയ പാനല്‍ വ്യക്തമാക്കിയിരുന്നു.
ഈ മാസം 13നാണ് തഹാവൂര്‍ യുഎസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇന്ത്യയ്ക്ക് കൈമാറാതിരിക്കണമെന്ന ആവശ്യത്തിന്മേലുള്ള തഹാവൂര്‍ റാണയുടെ അവസാന നിയമപോരാട്ടമാണ് ഇത്. 2008 നവംബര്‍ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ ആറ് യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് 2009ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
സുഹൃത്തായ യുഎസ് പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയോടൊപ്പം ചേര്‍ന്ന് പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബ, ഹര്‍ക്കത്തുല്‍ മുജാഹിദ്ദീന്‍ എന്നിവയ്ക്കായി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തിലാണ് ഇയാള്‍ അന്വേഷണം നേരിടുന്നത്. റാണയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടിയാല്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പങ്ക് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷ.
തന്നെ ഇന്ത്യയ്ക്ക് കൈമാറരുത്; യുഎസ് സുപ്രീംകോടതിയെ സമീപിച്ച് മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണ