അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്


ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ 19 കാരനായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥിയുടെ അതി സാഹസികത.

കര്‍പ്പഗം എഞ്ചിനീയറിങ് കോളേജില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ് പഠിക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പ്രഭുവിനാണ് പരിക്കേറ്റത്. കോളേജ് ഹോസ്റ്റലിലാണ് പ്രഭു താമസിച്ചിരുന്നത്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്നും ഒന്നും തന്നെ ഉപദ്രവിക്കില്ലെന്നും പ്രഭു നിരന്തരം തങ്ങളോട് പറയുമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

പ്രഭു ഹോസ്റ്റലില്‍ നിന്ന് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീല ഷര്‍ട്ട് ധരിച്ച പ്രഭു ഒരു മുറിയില്‍ നിന്ന് പുറത്തിറങ്ങി ഹോസ്റ്റല്‍ ഇടനാഴിയിലേക്ക് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടുന്നു, രണ്ട് ആണ്‍കുട്ടികള്‍ ഇടനാഴിയില്‍ സ്തംഭതരായി നില്‍ക്കുന്നതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ പ്രഭു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ചെട്ടിപ്പാളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.