ബം​ഗാളിൽ 12 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടു

ബം​ഗാളിൽ 12 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടു


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 12 കാരിയായ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രബാഷ് മൊണ്ടല്‍ പോലീസിന്റെ വെടിവെയ്പില്‍ കൊല്ലപ്പെട്ടു. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയും പോലീസ് തിരിച്ച് വെടിവെയ്ക്കുകയുമായിരുന്നു. 

ബറുയിപ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘം തെളിവെടുപ്പിനായി കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. പോലീസില്‍ നിന്നും തോക്ക് തട്ടിയെടുത്ത ശേഷം ആകാശത്തേയ്ക്ക് വെടി ഉതിര്‍ത്ത ശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതിക്കുനേരെ പോലീസ് തിരിച്ചുവെടിവെച്ചു. 

ജൂലൈ നാലിനു കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം ബറുയിപൂരിലെ ഒരു കുളത്തില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റിലായ മൂന്ന് പ്രതികളില്‍ പ്രബാഷ് മൊണ്ടലും ഉള്‍പ്പെടുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു മണിക്കൂറുകള്‍ക്ക് ശേഷം, കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് ഇന്ദ്രജിത് മൊണ്ടല്‍ എന്നയാളെ ഒരു കോപാകുലരായ ജനക്കൂട്ടം തല്ലിക്കൊന്നു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടത്താന്‍ ആറംഗ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ചൊവ്വാഴ്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് സിദ്ധ് നാഥ് ഗുപ്തയോട് കേസില്‍ 72 മണിക്കൂറി നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.