തിരുവന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്രമഴ കണക്കിലെത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെയും ശക്തമായ മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും വയനാടും ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായാണ് അവധി പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ പറഞ്ഞു. സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്. ജില്ലയിലെ അങ്കണവാടികള്‍ക്കും ഈ അവധി ബാധകമാണ്.
കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ അവധി
