തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്നും എംഎസ്‌സി- അദാനി ചർച്ച ഒരുവർഷമായി നടക്കുന്നത് എൽഡിഎഫിന് അറിവുള്ള കാര്യമായിരുന്നെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് നിയമപരമായ നിർദേശം നൽകാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ആ വിഷയത്തിൽ യുഡിഎഫ് സർക്കാർ ഒരു തെറ്റും ചെയ്‌തിട്ടില്ല. സർക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലെന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
എംഎസ്‌സി - അദാനി ചർച്ച ഒരുവർഷമായി നടക്കുന്നു. ഇത് സിപിഎം പത്രമായ ദേശാഭിമാനി റിപ്പോർട്ട് ചെയ്‌തിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന് ഇത് അറിയാമായിരുന്നു. എന്നിട്ടാണ് ഇത് യുഡിഎഫ് സർക്കാരിന്‍റെ മുകളിൽ ഇടാൻ നോക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകൾ തയ്യാറാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ മന്ത്രി കെ ബാബുവിനും സല്യൂട്ട് കൊടുക്കണം. കോമൺ യൂസർ ഫെസിലിറ്റി വേണമെന്ന് യുഡിഎഫ് കൺസഷൻ എഗ്രിമെന്‍റിൽ പറഞ്ഞിരുന്നു. ഓഹരി കൈമാറ്റത്തിന് ആഭ്യന്തര ഷിപ്പിങ് മന്ത്രാലയങ്ങളുടെ അനുമതി വേണം.
കേന്ദ്ര സർക്കാർ അനുമതി കിട്ടിയാൽ മാത്രമേ സംസ്ഥാനം വിഷയം പരിഗണിക്കൂ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 99 ശതമാനം കപ്പലുകളും എംഎസ്‌സിയുടേതായിരുന്നു. വിഴിഞ്ഞം തുറമുഖം സ്വപ്‌ന പദ്ധതിയായത് കൊണ്ടാണ് മുഖ്യമന്ത്രിയായ താൻ തുറമുഖ വകുപ്പ് ഏറ്റെടുത്തത്. വിഴിഞ്ഞത്തിന്‍റെ കാര്യത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്താണ് താത്‌പര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു.
എന്നാൽ, വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ഒരു ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, ഓരോ മലയാളിക്കും കൃത്യമായ താല്പര്യമുണ്ടെന്ന് കെകെ രാഗേഷ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ മറുപടി നൽകി. കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണ് തങ്ങൾ കാണിക്കുന്നതെന്നും, ഇതിനെതിരെ അസഹിഷ്ണുത കാണിച്ചാൽ മുഖ്യമന്ത്രിയോട് തിരിച്ചും കടുത്ത ചോദ്യങ്ങളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചോദ്യങ്ങൾ ഉയരുമ്പോഴുള്ള മുഖ്യമന്ത്രിയുടെ അസ്വസ്ഥതയും ശരീരഭാഷയും കാണുമ്പോൾ അദ്ദേഹം കടുത്ത പ്രതിരോധത്തിലാണെന്ന് വ്യക്തമാകുകയാണെന്നും രാഗേഷ് കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖത്തിന്‍റെ ഓഹരി കൈമാറ്റം നടന്നിട്ടില്ല: എംഎസ്‌സി-അദാനി ചർച്ച എൽഡിഎഫിന് അറിയാമായിരുന്നു': മുഖ്യമന്ത്രി
