ഇറാനുമായുള്ള ഇടക്കാല സമാധാന കരാർ അവസാനിച്ചതായി ട്രംപ്; പുതിയ ആക്രമണങ്ങളോടെ സംഘർഷം വീണ്ടും രൂക്ഷം

ഇറാനുമായുള്ള ഇടക്കാല സമാധാന കരാർ അവസാനിച്ചതായി ട്രംപ്; പുതിയ ആക്രമണങ്ങളോടെ സംഘർഷം വീണ്ടും രൂക്ഷം


അങ്കാറ: അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സൈനിക ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ, ഇറാനുമായുള്ള ഇടക്കാല സമാധാന കരാർ ഇനി നിലവിലില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പരാമർശം.

നേറ്റോ ഉച്ചകോടി 'വളരെ വിജയകരമായിരുന്നു' എന്ന് വിശേഷിപ്പിച്ച ട്രംപ്, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാനെ പ്രശംസിക്കുകയും അദ്ദേഹം തന്റെ അടുത്ത സുഹൃത്തും ശക്തനായ നേതാവുമാണെന്നും പറഞ്ഞു.

അതേസമയം, ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യൻ ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ ഉക്രെയ്‌നിന്റെ വ്യോമപ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായി സെലെൻസ്‌കി അറിയിച്ചു. സമാധാനത്തിലേക്കുള്ള നീക്കങ്ങൾ വേഗത്തിലാക്കുന്നതിലും ഇരുവരും അഭിപ്രായം പങ്കുവെച്ചതായി അദ്ദേഹം എക്‌സിൽ കുറിച്ചു.

ഗ്രീൻലാൻഡ് അമേരിക്കയുടെ നിയന്ത്രണത്തിലാകണമെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചതിന് പിന്നാലെ, ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്‌ഫ്രെഡറിക് നീൽസൻ ശക്തമായ പ്രതികരണം നടത്തി. ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്നും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സ്വയംനിർണയാവകാശവും ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

നേറ്റോയിലെ പ്രതിരോധ ചെലവിനെച്ചൊല്ലി അമേരിക്കയും സ്‌പെയിനും തമ്മിലുള്ള ഭിന്നതയും ഉച്ചകോടിയിൽ ശ്രദ്ധേയമായി. എന്നാൽ ട്രംപുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്നും, ഇരുവരും ഗോൾഫിനെയും ഫുടബോൾ ലോകകപ്പിനെയും കുറിച്ചാണ് സംസാരിച്ചതെന്നും സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. സ്‌പെയിൻ നാറ്റോയുടെ വിശ്വസ്ത സഖ്യകക്ഷിയാണെന്നും ഫിൻലൻഡിലെ നാറ്റോ ദൗത്യത്തിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇറാനുമായുള്ള സമാധാന കരാർ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചതോടെ ആഗോള ധനവിപണികളിലും പ്രതിഫലനം ഉണ്ടായി. അസംസ്‌കൃത എണ്ണവില അഞ്ച് ശതമാനത്തിലേറെ ഉയർന്നു. ഓഹരി, ബോണ്ട് വിപണികളിൽ ഇടിവ് രേഖപ്പെടുത്തി. ന്യൂയോർക്ക് ഓഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

സൈനിക സംഘർഷവും നയതന്ത്ര നീക്കങ്ങളും മാറിമാറി നടക്കുന്ന സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുമെന്ന ആശങ്കയാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്.