ഹോർമുസ് കടലിടുക്ക് ഇറാന്റെ 'സുവർണായുധം'; ആണവപരിപാടിയേക്കാൾ മുൻഗണന നൽകി ടെഹ്രാൻ

ഹോർമുസ് കടലിടുക്ക് ഇറാന്റെ 'സുവർണായുധം'; ആണവപരിപാടിയേക്കാൾ മുൻഗണന നൽകി ടെഹ്രാൻ


ദുബായ്: ആണവപരിപാടിയെക്കാൾ കൂടുതൽ പ്രാധാന്യം ഇപ്പോൾ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനാണ് ഇറാൻ നൽകുന്നതെന്ന് റിപ്പോർട്ട്. ആഗോള എണ്ണവാതക ഗതാഗതത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്ക് ഇറാന്റെ ഏറ്റവും ശക്തമായ സമ്മർദായുധമാണെന്നാണ് ടെഹ്രാന്റെ വിലയിരുത്തൽ. ഇതിന്റെ നിയന്ത്രണം നിലനിർത്താൻ അമേരിക്കയുമായുള്ള പുതിയ സംഘർഷത്തിനും ഇറാൻ തയ്യാറാണെന്നാണ് സൂചന.

ഈ ആഴ്ച ഹോർമുസിലൂടെ സഞ്ചരിച്ച ചില കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടന്നതും തുടർന്ന് അമേരിക്കയും ഇറാനും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതും കഴിഞ്ഞ മാസം നിലവിൽ വന്ന ഇടക്കാല സമാധാനകരാർ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഹോർമുസിന്റെ നിയന്ത്രണം ഇറാന്റെ 'സുവർണായുധം' ആണെന്നും അത് ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും ഇറാനിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും ഇറാന്റെ കൈകളിലായിരിക്കണമെന്നാണ് രാജ്യത്തിന്റെ നിലപാട്.

ഇടക്കാല കരാറിൽ 60 ദിവസത്തേക്ക് വാണിജ്യക്കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ ഇറാൻ സൗകര്യമൊരുക്കുമെന്ന് മാത്രമാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, കടലിടുക്കിന്റെ നിയന്ത്രണാവകാശം അമേരിക്ക അംഗീകരിച്ചുവെന്നാണ് ഇറാന്റെ വ്യാഖ്യാനം. ഇതിനെ അമേരിക്കയും ഗൾഫ് രാജ്യങ്ങളും തള്ളിക്കളയുന്നു.

2018ൽ ആണവകരാറിൽ നിന്ന് അമേരിക്ക പിന്മാറിയതും തുടർന്ന് ഉണ്ടായ സൈനിക നടപടികളും ടെഹ്രാന്റെ അമേരിക്കയോടുള്ള അവിശ്വാസം വർധിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഹോർമുസിന്റെ കാര്യത്തിൽ പിന്നോട്ടുപോയാൽ ആണവപരിപാടി, മിസൈൽ ശേഖരം തുടങ്ങിയ വിഷയങ്ങളിലും അമേരിക്ക കൂടുതൽ സമ്മർദം ചെലുത്തുമെന്ന് ഇറാൻ കരുതുന്നു.

മുമ്പ് അവസാന ആയുധമായി മാത്രം ഹോർമുസ് അടച്ചുപൂട്ടൽ പരിഗണിച്ചിരുന്ന ഇറാൻ, ഇപ്പോൾ അതിനെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്. അതേസമയം, ആണവപരിപാടിയെക്കുറിച്ചുള്ള ചർച്ചകൾ രണ്ടാം ഘട്ടത്തിലേക്ക് മാറ്റിയ സാഹചര്യത്തിൽ, ഹോർമുസിന്റെ പൂർണ നിയന്ത്രണം അംഗീകരിക്കാതെ ആണവചർച്ചകൾ പുനരാരംഭിക്കില്ലെന്നാണ് ഇറാന്റെ നിലപാടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.