ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് വെറും യാത്രാരേഖ മാത്രമാണെന്നും അത് ഇന്ത്യന്‍ പൗരത്വത്തിന്റെ തെളിവല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച് സുപ്രിം കോടതിയുടെ മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകൂര്‍. ഈ വ്യാഖ്യാനം പാസ്പോര്‍ട്ട് നിയമത്തിന്റെ പൂര്‍ണമായ തെറ്റായ വായന'യാണെന്നും ഇതിന് ഗുരുതരമായ ഭരണഘടനാപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ കണ്ടക്ട് ഗ്രൂപ്പ് സംഘടിപ്പിച്ച 'കോണ്‍ക്ലേവ് ഓണ്‍ ഫെഡറലിസം ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്പോര്‍ട്ട് നിയമത്തിന്റെ ആമുഖത്തില്‍ തന്നെ 'പാസ്പോര്‍ട്ടും യാത്രാരേഖയും' വ്യത്യസ്ത രേഖകളായി പരാമര്‍ശിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ലോകൂര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ പൗരന്മാരുടെയും മറ്റ് വ്യക്തികളുടെയും വിദേശയാത്ര നിയന്ത്രിക്കുന്നതിനും പാസ്പോര്‍ട്ടും യാത്രാരേഖകളും നല്‍കുന്നതിനുമാണ് നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പാര്‍ലമെന്റ് അനാവശ്യമായ വാക്കുകള്‍ ഉപയോഗിച്ചല്ല നിയമം നിര്‍മ്മിക്കുന്നത്. പാസ്പോര്‍ട്ടും യാത്രാരേഖയും നിയമത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അവ രണ്ടും വ്യത്യസ്ത രേഖകളാണ്. പാസ്പോര്‍ട്ട് വെറും യാത്രാരേഖ മാത്രമാണെന്ന് പറയുന്നത് പാസ്പോര്‍ട്ട് നിയമത്തിന്റെ വ്യക്തമായ തെറ്റായ വ്യാഖ്യാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളയാള്‍ ഇന്ത്യന്‍ പൗരനാണെന്ന നിയമപരമായ നിലപാട് വ്യക്തമായി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്തിടെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയം 'ഇന്ത്യന്‍ പാസ്പോര്‍ട്ട് യാത്രയ്ക്കുള്ള രേഖ മാത്രമാണ്; അത് പൗരത്വത്തിന്റെ തെളിവല്ല' എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് ലോകൂറിന്റെ പ്രതികരണം.
സര്‍ക്കാരിന്റെ ഈ നിലപാട് അന്താരാഷ്ട്ര തലത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ എംബസികളും വിദേശ കോണ്‍സുലേറ്റുകളും പാസ്പോര്‍ട്ട് കൈവശമുള്ളയാള്‍ ഇന്ത്യന്‍ പൗരനാണെന്ന വിശ്വാസത്തിലാണ് വിസ അനുവദിക്കുന്നത്. എന്നാല്‍ ഇന്ത്യ തന്നെ പാസ്പോര്‍ട്ട് പൗരത്വത്തിന്റെ തെളിവല്ലെന്ന് പറയുകയാണെങ്കില്‍ വിദേശ രാജ്യങ്ങള്‍ വിസ നിഷേധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'നിങ്ങള്‍ കാണിക്കുന്നത് ഒരു യാത്രാരേഖ മാത്രമാണ്. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന പാസ്പോര്‍ട്ട് വേണം. നിങ്ങളുടെ സര്‍ക്കാര്‍ തന്നെ ഈ പാസ്പോര്‍ട്ട് പൗരത്വത്തിന്റെ തെളിവല്ലെന്ന് പറയുമ്പോള്‍ എങ്ങനെ വിസ നല്‍കും?' എന്ന ചോദ്യമാണ് വിദേശ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുകയെന്നും അദ്ദേഹം ഉദാഹരിച്ചു.
പാസ്പോര്‍ട്ടിനെ വെറും യാത്രാരേഖയായി ചുരുക്കിക്കാണിക്കുന്നത് 'ഒരു വിമാനടിക്കറ്റുപോലുമല്ലാത്ത, ബസ് ടിക്കറ്റിന് സമാനമായ രേഖയാക്കി മാറ്റുന്നതിന് തുല്യമാണെന്നും' അത് നിയമത്തിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും വിരുദ്ധമാണെന്നും ജസ്റ്റിസ് ലോകൂര്‍ പറഞ്ഞു.
പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 20 ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ ന്യായീകരിക്കുന്ന വാദവും അദ്ദേഹം തള്ളി. അസാധാരണ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരല്ലാത്തവര്‍ക്കും പാസ്പോര്‍ട്ട് നല്‍കാന്‍ ഈ വകുപ്പ് അനുവദിക്കുന്നുണ്ടെങ്കിലും അത്തരത്തില്‍ എത്രപേര്‍ക്ക് പാസ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നതിന് തെളിവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വിദേശപൗരന് ഇന്ത്യന്‍ പാസ്പോര്‍ട്ട് നല്‍കിയതായി തെളിയിക്കുന്ന കേസുകള്‍ എത്രയുണ്ടെന്ന് അറിയില്ല. അത്തരം ഉദാഹരണങ്ങളില്ലാത്ത സാഹചര്യത്തില്‍ സെക്ഷന്‍ 20 ഉദ്ധരിച്ച് പാസ്പോര്‍ട്ട് പൗരത്വവുമായി ബന്ധപ്പെട്ടതല്ലെന്ന് പറയുന്നത് പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, തൊഴില്‍ ചെയ്യാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കു മാത്രമാണ് ലഭ്യമാകുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പാസ്പോര്‍ട്ട് പോലും പൗരത്വത്തിന്റെ തെളിവായി അംഗീകരിക്കാതെ വന്നാല്‍, നിരവധി പേര്‍ക്ക് ഈ ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പാസ്പോര്‍ട്ടും പൗരത്വവും സംബന്ധിച്ച വിവാദം അതീവ ഗൗരവമുള്ള ഭരണഘടനാ വിഷയമാണെന്നും ഒരു വാര്‍ത്താസമ്മേളനത്തിലെ വിശദീകരണത്തിലൂടെ ഒതുക്കാതെ വിശാലമായ പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട വിഷയമാണെന്നും ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അഭിപ്രായപ്പെട്ടു.
