ടിഎംസിയും കോൺഗ്രസും വീണ്ടും അടുക്കുമോ? രാഹുൽ ഗാന്ധിയുമായി അഭിഷേക് ബാനർജി കൂടിക്കാഴ്ച നടത്തി

ടിഎംസിയും കോൺഗ്രസും വീണ്ടും അടുക്കുമോ? രാഹുൽ ഗാന്ധിയുമായി അഭിഷേക് ബാനർജി കൂടിക്കാഴ്ച നടത്തി


ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതും ഭാവിയിലെ രാഷ്ട്രീയ സഹകരണ സാധ്യതകളും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ചർച്ചയായതെന്നാണ് വിവരം.

ടിഎംസി അധ്യക്ഷ മമത ബാനർജി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് അഭിഷേക് - രാഹുൽ കൂടിക്കാഴ്ച നടന്നത്. അഞ്ച് വർഷത്തിനുശേഷമാണ് മമതയും സോണിയയും നേരിൽ കണ്ടത്.

ഇന്ത്യ സഖ്യത്തിന്റെ ഭാവി പ്രവർത്തനങ്ങൾ, പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള ഏകോപനം, വോട്ടെടുപ്പ് ക്രമക്കേടുകളെക്കുറിച്ച് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തതായി ടിഎംസി വൃത്തങ്ങൾ അറിയിച്ചു. നിശ്ചയിച്ചിരുന്ന 45 മിനിറ്റിന് പകരം 88 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടത് രാഷ്ട്രീയ വൃത്തങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

അതേസമയം, ടിഎംസിയും കോൺഗ്രസും ലയിക്കുമെന്ന അഭ്യൂഹങ്ങൾ പാർട്ടി നേതൃത്വം തള്ളിക്കളഞ്ഞു. എന്നാൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യസാധ്യത പൂർണമായും തള്ളുന്ന നിലപാടിലല്ല ഇപ്പോൾ ടിഎംസി. 2011ൽ കോൺഗ്രസുമായുള്ള സഖ്യത്തിലൂടെയാണ് മമത ബാനർജി അധികാരത്തിലെത്തിയത്. പിന്നീട് ഇരുപാർട്ടികളും വേർപിരിഞ്ഞെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സഹകരണം ഇരുകൂട്ടർക്കും ഗുണകരമാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന്ൃ ഖാർഗെയുമായും ടിഎംസി നേതൃത്വം ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ സഖ്യത്തിനുള്ളിൽ കൂടുതൽ ഏകോപനം ഉറപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് തുടർചർച്ചകൾ നടക്കുന്നത്.

എന്നാൽ ഈ കൂടിക്കാഴ്ചകൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമില്ലെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ബംഗാളിൽ പാർട്ടി പുനരുജ്ജീവനത്തിനായി കോൺഗ്രസ് ഇടതുപക്ഷത്തോടൊപ്പം മുന്നോട്ടുപോകുന്നതാണ് ഉചിതമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും മമത ബാനർജിയും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള സമീപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.