പാറ്റകൾക്കും പ്രതിപക്ഷത്തിനും വിജയം; ഒടുവിൽ കേന്ദ്രം മുട്ടുമടക്കി, ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു

പാറ്റകൾക്കും പ്രതിപക്ഷത്തിനും വിജയം; ഒടുവിൽ കേന്ദ്രം മുട്ടുമടക്കി, ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു


ന്യൂഡൽഹി: സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി  നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. ജന്തർ മന്തറിലെ നിലവിലെ സാഹചര്യങ്ങളും രാജ്യത്തെ വിദ്യാർഥികളുടെ ഭാവിയും കണക്കിലെടുത്താണ് താൻ രാജിക്കത്ത് പ്രധാനമന്ത്രിക്ക് അയച്ചതെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. ഇന്ന് രാവിലെ കേന്ദ്രമന്ത്രി ജെ.പി ന‍ദ്ദയുമായി നടത്തിയ ചർച്ചയിലും ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാതെ മുന്നോട്ടൊരു ചർച്ചയില്ലെന്ന് സിജെപി വ്യക്തമാക്കിയിരുന്നു. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി. 

ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു സർക്കാരിൻ്റെ വിലയിരുത്തൽ. 

കോക്രോച്ച് ജനത പാർട്ടിയുടെയും (സിജെപി) പ്രതിപക്ഷത്തിൻ്റെയും നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ ഒരു മാസത്തിലേറെയായി തുടരുന്ന യുവജനപ്രക്ഷോഭത്തിന് മുന്നിലാണ് കേന്ദ്ര സർക്കാർ ഒടുവിൽ മുട്ടുമടക്കിയത്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെത്തുടർന്ന് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾ നടത്തിയ ഏറ്റവും ശക്തമായ പോരാട്ടത്തിനൊടുവിൽ കൂടിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവച്ചത്. പരീക്ഷാ അഴിമതികളുടെ പേരിൽ ഒരു കേന്ദ്രമന്ത്രിക്ക് പദവി ഒഴുവാക്കേണ്ടി വരുന്നത് സമീപകാല ചരിത്രത്തിൽ ആദ്യമായാണ്. കഴിഞ്ഞ ദിവസം വരെ ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കി‌ല്ലെന്ന കടുത്ത നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. പ്രതിസന്ധി ഘട്ടത്തിൽ പദവി ഒഴിഞ്ഞു പോകുന്നത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണെന്നാണ് സർക്കാർ വൃത്തങ്ങൾ വാദിച്ചിരുന്നത്.

മന്ത്രിയെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും മാറ്റി മറ്റൊരു വകുപ്പ് നൽകാൻ സർക്കാർ ശ്രമിച്ചെങ്കിലും, വകുപ്പ് മാറ്റമല്ല രാജിയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സിജെപിയും ഒരുപോലെ ശക്തമായി ആവശ്യപ്പെട്ടു. സിജെപി പ്രതിനിധികളായ സൗരഭ് ദാസ്, അശുതോഷ് റാങ്ക എന്നിവരുമായി കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവർ നടത്തിയ ചർച്ചയിൽ രാജി ഒഴികെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ പ്രധാന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രക്ഷോഭകർ ഉറപ്പിച്ചു പറഞ്ഞതോടെ മൂന്നാംഘട്ട ചർച്ചയ്ക്ക് മുൻപ് തന്നെ മന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വന്നു.