ഇറാനിയന്‍ എണ്ണക്കടത്ത്: ഇന്ത്യയുമായി ബന്ധമുള്ള 'നിഴല്‍ ടാങ്കറുകള്‍ക്ക്' അമേരിക്കന്‍ ഉപരോധം

ഇറാനിയന്‍ എണ്ണക്കടത്ത്: ഇന്ത്യയുമായി ബന്ധമുള്ള 'നിഴല്‍ ടാങ്കറുകള്‍ക്ക്' അമേരിക്കന്‍ ഉപരോധം


വാഷിംഗ്ടണ്‍: ഇറാനിയന്‍ ഭരണകൂടത്തിന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും നിയമവിരുദ്ധ ഇടപാടുകള്‍ക്കും ഉപയോഗിക്കുന്ന വരുമാനസ്രോതസ്സുകള്‍ മുറുക്കാനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയുമായി ബന്ധമുള്ള കപ്പലുകള്‍ ഉള്‍പ്പെടെ 29 എണ്ണക്കടത്ത് കപ്പലുകള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഡിസംബര്‍ 18നാണ് ട്രംപ് ഭരണകൂടം ഈ നടപടി പ്രഖ്യാപിച്ചത്. രഹസ്യമായും വഞ്ചനാപരമായും ഇറാനിയന്‍ എണ്ണ കയറ്റുമതി നടത്തുന്ന 'ഷാഡോ ഫ്‌ലീറ്റ്' എന്നറിയപ്പെടുന്ന കപ്പല്‍ ശൃംഖലയെ ലക്ഷ്യമിട്ടുള്ളതാണ് നടപടി എന്ന് യു.എസ്. ട്രഷറി വകുപ്പ് വ്യക്തമാക്കി. ഇറാനിയന്‍ എണ്ണ കയറ്റുമതിയിലൂടെ സമ്പാദിക്കുന്ന വരുമാനം ഭീകരവാദത്തിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കപ്പെടുന്നതായാണ് അമേരിക്കയുടെ വിലയിരുത്തല്‍.

ഈ ഉപരോധത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനികളുമായി ബന്ധമുള്ള നിരവധി കപ്പലുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യ ആസ്ഥാനമായ റുക്ബത് മാറൈന്‍ സര്‍വീസസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ബഡോസ് പതാകയിലുള്ള 'ഫ്‌ലോറ ഡോള്‍ചെ' എന്ന കപ്പല്‍ 2025 ഏപ്രില്‍ മുതല്‍ ലക്ഷക്കണക്കിന് ബാരല്‍ ഇറാനിയന്‍ ഫ്യൂവല്‍ ഓയില്‍ കടത്തിയതായി ട്രഷറി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഗോള്‍ഡന്‍ ഗേറ്റ് ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള പനാമ പതാകയിലുള്ള 'ഓറൂറ' എന്ന കപ്പല്‍ നാഫ്തയും കണ്ടന്‍സേറ്റും ഉള്‍പ്പെടെയുള്ള ഇറാനിയന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ കയറ്റുമതി ചെയ്തതായും പറയുന്നു. ഇന്ത്യയിലെ ദാര്യ ഷിപ്പിങ് െ്രെപവറ്റ് ലിമിറ്റഡ് നിയന്ത്രിക്കുന്ന 'രമ്യ' എന്ന കപ്പല്‍ സെപ്റ്റംബര്‍ 2025 മുതല്‍ ഒരു ലക്ഷത്തിലധികം ബാരല്‍ ഇറാനിയന്‍ എണ്ണ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോയതായും യു.എസ്. ട്രഷറി വെളിപ്പെടുത്തി.

ഈ ശൃംഖലയുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യന്‍ വ്യവസായിയായ ഹാതം എല്‍സൈദ് ഫരീദ് ഇബ്രാഹിം സക്രിന്റെ നേതൃത്വത്തിലുള്ള കമ്പനികളും ഏഴ് കപ്പലുകളും ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യുഎഇ, ഇന്ത്യ, മാര്‍ഷല്‍ ദ്വീപുകള്‍, പനാമ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് സ്ഥാപനങ്ങളാണ് ഈ ശൃംഖലയുടെ ഭാഗമെന്ന് ട്രഷറി അറിയിച്ചു. ഓരോ കപ്പലിനും പ്രത്യേകം കമ്പനികള്‍ രൂപീകരിച്ച് യഥാര്‍ത്ഥ ഉടമസ്ഥത മറച്ചുവെക്കുന്നതിലൂടെ ഉപരോധങ്ങള്‍ മറികടക്കുകയാണ് ഇവരുടെ രീതി. ഇന്ധന എണ്ണ, ബിറ്റുമന്‍, നാഫ്ത, കണ്ടന്‍സേറ്റ് എന്നിവ ഉള്‍പ്പെടെയുള്ള ഇറാനിയന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വര്‍ഷങ്ങളായി, പ്രത്യേകിച്ച് 2025ല്‍ വന്‍തോതില്‍ കയറ്റുമതി ചെയ്തിട്ടുണ്ടെന്നും അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.