വയനാട് പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി

വയനാട് പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി


ന്യൂഡല്‍ഹി: വയനാട് പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരായ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി. നടപടിയുമായി മുന്നോട്ടു പോവാമെന്ന് സുപ്രിം കോടതി സര്‍ക്കാരിനെ അറിയിച്ചു.

ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി നടപടിയില്‍ ഇടപെടാനാവില്ലെന്നും വേണമെങ്കില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാര തുക വളരെ കുറവാണെന്നും അര്‍ഹമായ തുക അനുവദിക്കണമെന്നുമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഹര്‍ജിയിലെ വാദം. എന്നാല്‍ സ്വകാര്യ താത്പര്യവും പൊതുതാത്പര്യവും ഒന്നിച്ച് വരുമ്പോള്‍ പൊതുതാത്പര്യം പരിഗണിക്കപ്പെടുമെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ഭൂമി വിട്ടു നല്‍കാമെന്ന് ഹൈക്കോടതിയില്‍ എല്‍സ്റ്റണ്‍ അറിയിച്ചതായി ചൂണ്ടിക്കാട്ടിയ സുപ്രിം കോടതി നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സുപ്രിം കോടതിയല്ലെന്നും വ്യക്തമാക്കി.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് മാത്രമാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രധാന ഹര്‍ജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് വ്യക്തമാക്കിയ സുപ്രിം കോടതി ഹര്‍ജിയില്‍ ഉടന്‍ തന്നെ വാദം കേള്‍ക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഹര്‍ജിയെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ഭൂമി ഏറ്റെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം 43 കോടി രൂപ കെട്ടിവച്ചതായും സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.