കൊച്ചി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന വലിയ പദവിയോടൊപ്പം ഏവര്‍ക്കും സ്വീകാര്യനായ പകരക്കാരനില്ലാത്ത ലോക നേതാവെന്ന സവിശേഷ സ്ഥാനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെന്ന് കേരള കാതലിക് ബിഷപ്‌സ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരുടേയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടേയും പാപ്പ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കും വേദനിക്കുന്നവര്‍ക്കും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയ സമുന്നതനായ ആത്മീയാചാര്യനായിരുന്നു പരിശുദ്ധ പിതാവ്. ആഗോളകത്തോലിക്കാ സഭയുടെ മാത്രമല്ല ശബ്ദമില്ലാത്തവരുടെ മുഴുവന്‍ ശബ്ദമായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറി.
കത്തോലിക്കാ സഭ എക്കാലവും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള ധാര്‍മിക മൂല്യങ്ങള്‍ക്കും മാനവികതയ്ക്കും പ്രബോധനങ്ങള്‍ക്കും വലിയ പരിഗണന നല്‍കിയതിനൊപ്പം ലോകസമാധാനത്തിനും ശാന്തിക്കും മതസൗഹാര്‍ദ്ദത്തിനും സാമൂഹിക ഐക്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ശാസ്ത്രമുന്നേറ്റങ്ങള്‍ക്കും കാലാനുസൃത പിന്തുണ നല്‍കുകയും മനുഷ്യനും ജീവിജാലങ്ങളും പരിസ്ഥിതിയും നേരിടുന്ന വെല്ലുവിളികള്‍ പ്രവാചക ധീരതയോടെ ലോകത്തിന് മുന്നില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.
മതങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായി എല്ലാവരേയും സ്‌നേഹിച്ച മാര്‍പാപ്പയുടെ വിയോഗം ലോകത്തിനും കത്തോലിക്ക സഭയ്ക്കും വലിയ നഷ്ടമാണ്. കേരള കത്തോലിക്ക സഭയെ എക്കാലവും നെഞ്ചോടു ചേര്‍ത്ത വലിയ ഇടയന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം മാര്‍പാപ്പയുടെ വിയോഗത്തില്‍ കേരള കത്തോലിക്കാ സഭയുടെ തീവ്രമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
ഒന്‍പത് ദിവസം ദുഃഖാചരണം
മാര്‍പാപ്പയുടെ വിയോഗത്തില്‍ കേരള കത്തോലിക്കാ സഭ ഒന്‍പത് ദിവസം ദുഃഖാചരണം നടത്തും. കേരള കത്തോലിക്കാ സഭയുടെ എല്ലാ ദൈവാലയങ്ങളിലും സന്യാസഭവനങ്ങളിലും സ്ഥാപനങ്ങളിലും ഏപ്രില്‍ 27 ഞായറാഴ്ചയോ അന്നേ ദിവസം അസൗകര്യമുള്ളവര്‍ മറ്റൊരു ദിവസമോ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ഥന നടത്തണമെന്ന് കെ സി ബി സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവയും വൈസ് പ്രസിഡന്റ് മാര്‍ പോളി കണ്ണൂക്കാടനും സെക്രട്ടറി ജനറല്‍ ഡോ. അലക്‌സ് വടക്കുംതലയും അറിയിച്ചു.