ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും കുടുംബവും സ്വാമിനാരായണന്‍ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചു. ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ വാന്‍സിനും മൂന്ന് കുട്ടികള്‍ക്കും ഒപ്പമാണ് വാന്‍സ് ഇന്ത്യയിലെത്തിയത്. ജന്‍പഥിലെ ഒരു എംപോറിയം സന്ദര്‍ശിച്ച് മണ്‍പാത്രങ്ങളും ചായ ബാഗുകളും വാങ്ങി.
വിമാനത്താവളത്തില്‍ യു എസ് വൈസ് പ്രസിഡന്റിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്വീകരിച്ചു. വാന്‍സിന്റെ മൂന്ന് മക്കളായ ഇവാന്‍, വിവേക്, മിറാബെല്‍ എന്നിവര്‍ പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം ധരിച്ചാണെത്തിയത്.
വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വാന്‍സ് കൂടിക്കാഴ്ച നടത്തും. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും കൂടിക്കാഴ്ചയിലുണ്ടാകും.
പ്രധാനമന്ത്രി മോഡിയും വാന്‍സും ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുമെന്നും പരസ്പര താത്പര്യമുള്ള പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകള്‍ കൈമാറുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഏപ്രില്‍ 22ന് വാന്‍സ് ജയ്പൂരില്‍ ചരിത്രപ്രസിദ്ധമായ ആമേര്‍ കോട്ടയും മറ്റ് സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദര്‍ശിക്കും. പിറ്റേദിവസം ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശിക്കും.